മാതൃഭൂമി -വി.കെ.സി. നന്മ പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്

Posted By : idkadmin On 5th September 2015


തൊടുപുഴ: സഹജീവിക്ക് തണലാവാനുള്ള മനോഭാവം ചെറുപ്രായത്തില്‍ത്തന്നെ കുട്ടികളില്‍ ഉണര്‍ത്താനും പള്ളിക്കൂടങ്ങളില്‍ നല്ല നാളെയുടെ നന്മ മരങ്ങള്‍ വളര്‍ന്നുപന്തലിക്കാനും ലക്ഷ്യമിട്ട് മാതൃഭൂമി -വി.കെ.സി. ജൂനിയര്‍ നന്മ പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്. 
മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ 'നന്മ' പദ്ധതിയുടെ അധ്യാപകശില്പശാല ഇടുക്കി വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടര്‍ സുരേഷ് മാത്യു ഉദ്ഘാടനം ചെയ്തു. 
''ലഹരിയുടെ ലോകത്തേക്ക് എത്തിനോക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു. ലഹരിയുടെ പിടിയിലകപ്പെട്ട കുട്ടികളെ പിന്തിരിപ്പിക്കാന്‍ ഉപദേശങ്ങള്‍മാത്രം മതിയാവില്ല. അവരെ കുറ്റപ്പെടുത്താതെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയാണ് വേണ്ടത്. എന്തുകൊണ്ടാണ് ഓരോരുത്തരും ലഹരിയുടെ പിന്നാലെ പോകുന്നതെന്ന് മനസ്സിലാക്കണം. അവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ അധ്യാപകര്‍ക്കുപുറമെ ഉദ്യോഗസ്ഥരുടെയും ഡോക്ടര്‍മാരുടെയും സഹായവും തേടണം. വഴിതെറ്റിപ്പോകുന്ന ഓരോ വിദ്യാര്‍ഥിയെയും നല്ലവഴിയിലേക്ക് തിരികെക്കൊണ്ടുവരുന്നത് വിദ്യാലയത്തിന്റെ പൊതുനന്മയുടെ അടയാളമാണ്''- ഡി.ഡി.സുരേഷ് മാത്യു പറഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ക്ക് അധ്യാപകദിനാശംസകള്‍ നേര്‍ന്നു. 'നന്മ' പദ്ധതിയില്‍ ഈ വര്‍ഷം പ്രാധാന്യം നല്‍കുന്നത് ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ്. 
എം.ജി.യൂണിവേഴ്‌സിറ്റിയിലെ ഗവേഷക ശ്രീജ എസ്. കുട്ടികളുടെ മാനസികവികാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കിനെപ്പറ്റി ക്ലൂാെസടുത്തു. ഇടുക്കി സീഡ് എക്‌സിക്യുട്ടീവ് അജിത് കെ.കെ. 'നന്മ' പദ്ധതിയെപ്പറ്റി വിശദീകരിച്ചു. 
മാതൃഭൂമി ഇടുക്കി ചീഫ് കറസ്‌പോണ്ടന്റ് ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു.'നന്മ' സ്റ്റേറ്റ് കോ -ഓര്‍ഡിനേറ്റര്‍ രഞ്ജിത് കൃഷ്ണന്‍, നന്മ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സുമേഷ് ബാബു എന്നിവര്‍ സംസാരിച്ചു. 

Print this news