ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഇപ്പോള്‍ സ്വാദേറെയാണ്. സ്‌കൂള്‍മുറ്റത്ത് ജൈവകൃഷിയിലൂടെ ഉണ്ടാക്കുന്ന പച്ചക്കറികളാണ് വിഭവങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പുത്സവം അമ്പലപ്പാറ കൃഷി ഓഫീസര്‍ സി.എസ്. ബാബു നിര്‍വഹിച്ചു. മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ അച്യുതാനന്ദന്‍ നേതൃത്വം നല്‍കി.
ആറ് വിളവെടുപ്പിലായി ഇതുവരെ 52 കിലോ പച്ചക്കറി ലഭിച്ചു. വെണ്ട, പയര്‍, മത്തന്‍, കുമ്പളം, വഴുതിന, അമര, കോവല്‍, വെള്ളരി, ചുരയ്ക്ക, തക്കാളി, ചീര, കാവത്ത്, ചെറുകിഴങ്ങ്, പപ്പായ എന്നിങ്ങനെ എല്ലാ വിളകളും തോട്ടത്തിലുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്ത ചോളവും നല്ലവിളവ് നല്‍കി.
സ്‌കൂളിലെ ബയോഗ്യാസ് പ്ലാന്റില്‍നിന്നുള്ള സ്ലറി, ചാണകം, ആട്ടിന്‍കാഷ്ഠം എന്നിവ മാത്രമാണ് വളമായി ഉപയോഗിച്ചത്. വിഷമുക്ത പച്ചക്കറി, എല്ലാവര്‍ക്കും ആരോഗ്യം എന്നീ സന്ദേശ പ്രചാരണത്തോടെയാണ് സ്‌കൂളിലെ ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൈവകൃഷി തുടങ്ങിയത്. കുട്ടികള്‍ത്തന്നെ നിര്‍മിക്കുന്ന പുകയിലക്കഷായവും വെളുത്തുള്ളി മിശ്രിതവും ഉപയോഗിച്ചാണ് കീടനിയന്ത്രണം. കൃഷിഭവന്റെ സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതിയിലേക്കും വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.