ഒറ്റപ്പാലം: കണ്‍തുറന്നാല്‍ കാണാം നാട്ടറിവുകളുടെ ജൈവലോകം. പുതുതലമുറയ്ക്ക് പരിചയമില്ലാത്ത ജൈവ വൈവിധ്യങ്ങളുടെ കലവറ. പ്രകൃതിയോടൊപ്പം ജിവിച്ച ഒരു തലമുറ ഒപ്പം കൊണ്ടുനടന്ന സസ്യലതാദികളുടെ ലോകത്തെ പരിചയപ്പെടുത്താനും ആഴത്തിലറിയാനുമുള്ള വേദിയൊരുക്കുകയാണ് ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ കുട്ടികള്‍.
നാട്ടറിവുകളെ തിരിച്ചുപിടിക്കുക, പ്രകൃതിയിലെ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെനടന്ന നാട്ടറിവ് ദിനാചരണമാണ് വേറിട്ട കാഴ്ചയായത്. 'നാട്ടുപച്ച' ജൈവവൈവിധ്യ പ്രദര്‍ശനമായിരുന്നു പ്രധാന ആകര്‍ഷണം.
ഇടംപിരി വലംപിരി, മലൗക്കി, മുടിനീളി, നിലംകാഞ്ഞി, ദേവദാരു, മുറികൂടി, വാതംകൊല്ലി, കുടങ്ങല്‍, മൂവില, ഉഴിഞ്ഞ എന്നിവയുടെയെല്ലാം ഇലകള്‍ പ്രദര്‍ശനത്തില്‍ സ്ഥാനംപിടിച്ചു.
200ല്‍പരം ഔഷധസസ്യങ്ങളുടെയും നക്ഷത്രവൃക്ഷങ്ങളുടെയും നാട്ടുമരങ്ങളുടെയും ഇലകളുടെ പ്രദര്‍ശനമാണ് നടന്നത്. ഹരിതം സീഡ് ക്ലബ്ബിന്റെയും പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. പ്രദേശത്തെ ജൈവവൈവിധ്യ രജിസ്റ്ററും സീഡ് ക്ലബ്ബ് തയ്യാറാക്കിയിട്ടുണ്ട്. പ്രധാനാധ്യാപിക കെ. ചന്ദ്രിക, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, യു.ആര്‍. ജയന്തി, കെ. മഞ്ജു. കെ. സുലേഖ, കെ.വി. ദിവ്യ, എം.ബി. അനന്തന്‍ എന്നിവര്‍ നേതൃത്വംനല്‍കി.