ചെറുവത്തൂര്‍: ഇത് ഒരു പുതിയ തുടക്കമാണ്. വിഷംതിന്ന് രോഗം വിലക്കുവാങ്ങുന്ന മലയാളിക്ക് പുതിയ സന്ദേശവുമായി പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഭക്ഷണശീലത്തില്‍ ഇന്നലകളിലേക്ക് മടങ്ങാമെന്ന് ഇളമുറക്കാര്‍. വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലൂടെ കാണിക്കുകയാണിവിടെ.
നഷ്ടപ്പെട്ട ആഴ്ചച്ചന്തയെ ഓര്‍മപ്പെടുത്തുംവിധം സ്‌കൂളിലെ സീഡ് ക്ലബ്, എന്‍.എസ്.എസ്. യുണിറ്റ്, ഹരിതസേന, ഭൂമിത്രസേന എന്നിവ കൈകോര്‍ത്ത് ഒരുക്കിയ ജൈവ ഉത്പന്നങ്ങളുടെ ചന്ത ഗൃഹാതുരത ഉണര്‍ത്തി.
കുട്ടികള്‍ അവരവരുടെ വീടുകളില്‍ ഉത്പാദിപ്പിച്ച പച്ചക്കറി, പഴവര്‍ഗങ്ങള്‍, ജൈവ അരി, മുളയരി, വാഴക്കുല, മാതളനാരങ്ങ, മുത്തിള്‍ തുടങ്ങിയ 30ഓളം ഉത്പന്നങ്ങള്‍ ചന്തയില്‍ നിരത്തിവെച്ചു.
അധ്യാപകരും നാട്ടുകാരും ഉപഭോക്താക്കളായെത്തിയപ്പോള്‍ ഒരുണിക്കൂര്‍ കൊണ്ട് സാധനങ്ങളെല്ലാം വിറ്റുതീര്‍ന്നു.
5,000 രൂപയുടെ കച്ചവടം നടന്നു. കൈയില്‍ പൈസ വന്നപ്പോള്‍ കുട്ടികള്‍ക്ക് ആവേശമായി. വീണ്ടും ചന്ത ഒരുക്കാനും തീരുമാനിച്ചു.
സംപ്തംബര്‍ 18നാണ് അടുത്ത ജൈവചന്തയെന്നും അറിയിച്ചു.
പ്രിന്‍സിപ്പല്‍ ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.മനോജ്, കെ.പ്രകാശന്‍, എം.സോമനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.