പാവറട്ടി: ഉച്ചഭക്ഷണത്തിലേക്ക് വിഷം തീണ്ടാത്ത പച്ചക്കറി എന്ന ലക്ഷ്യത്തോടെ പള്ളിനട സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂളിലെ സീഡ് അംഗങ്ങള്‍ ഒരുക്കിയ പച്ചക്കറിത്തോട്ടത്തില്‍ നൂറുമേനി വിളവ്. സ്‌കൂളിനോടു ചേര്‍ന്നുള്ള സ്ഥലത്ത് പയര്‍, കുമ്പളം, മുരിങ്ങ, ചീര, വെണ്ട, തുടങ്ങിയ പച്ചക്കറിവിഭവങ്ങളാണ് സീഡ് അംഗങ്ങള്‍ കൃഷിചെയ്യുന്നത്. കൃഷിഭവനില്‍നിന്ന് സഹായത്തോടെ പൂര്‍ണമായും ജൈവവളത്തിലാണ് കൃഷി ഒരുക്കിയത്. ഉച്ചഭക്ഷണത്തിലേക്കുള്ളത് എടുത്ത് മിച്ചംവരുന്ന പച്ചക്കറി വിഭവങ്ങള്‍ വിപണിയിലെത്തിച്ച് ലഭിക്കുന്ന തുക സ്‌കൂളിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് സീഡ് അംഗങ്ങള്‍ പറഞ്ഞു. സ്‌കൂള്‍ വളപ്പില്‍ നടത്തിയ പച്ചക്കറി വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ജെ. ലിയോ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബൈജു ലൂവീസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ.ജെ. ബാബു, സീഡ് കോ- ഓര്‍ഡിനേറ്റര്‍ വിനീത ജേക്കബ്, അധ്യാപകരായ ഇ.ജെ. ലൂസി, സി.ജെ. ഷീല, സി.ഒ. റെജി, കെ.എ. റൂബി എന്നിവര്‍ പ്രസംഗിച്ചു.