കോട്ടയ്ക്കൽ: കുറ്റിപ്പാല ഗാർഡൻവാലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങൾ വ്യത്യസ്തമായ ചുവടുവെപ്പുകളിലൂടെ ശ്രദ്ധേയരാവുന്നു. മഴയുടെ വ്യത്യസ്തഭാവങ്ങൾ കുട്ടികൾ അക്ഷരങ്ങളിൽ പകർത്തിയപ്പോൾ പുറത്തിറങ്ങിയത് 215 മഴമാഗസിനുകൾ.
മഴയെക്കുറിച്ചുള്ള കഥകളും കവിതകളും ചൊല്ലുകളും അനുഭവങ്ങളുമാണ് സ്‌കൂളിെല കുട്ടികൾ മാഗസിൻ താളുകളിൽ പകർത്തിയത്. സ്‌കൂളിലെ അധ്യാപകർചേർന്ന് വർഷപാനിയെന്ന ഭീമൻ മാഗസിനും പുറത്തിറക്കി. 1.35മീറ്റർ നീളവും 64സെ.മീ വീതിയുമാണ് ഇതിന്റെ വലിപ്പം. ഇവ കൂടാതെ ഹൈസ്‌കൂൾ വിഭാഗം തയ്യാറാക്കിയ ചെറുവിരലിന്റെ വലിപ്പമുള്ള 10 കുഞ്ഞുമാഗസിനുകളും, അമ്മയും കുഞ്ഞും എന്ന വിഷയത്തിൽ എൽ.പി. വിഭാഗം തയ്യാറാക്കിയ മാഗസിനുകളും, യു.പി. വിഭാഗത്തിന്റെ ഗ്രാമപ്പച്ച മാഗസിനുകളും മലർവാടി മാഗസിനുകളും സർഗാത്മകതയുടെ വേറിട്ട പ്രതിഫലനമായി.
മാഗസിൻ സമ്മാനമഴ കാർട്ടൂണിസ്റ്റ് സഗീർ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ റഷീദ് കരിങ്കപ്പാറ അധ്യക്ഷതവഹിച്ചു. എ.പി. ലീന, സീഡ് കോഓർഡിനേറ്റർ സാഹിർ മാളിയേക്കൽ, വി.പി. മണികണ്ഠൻ, കെ.പി. സൈതലവി ഹാജി, പാറയിൽ മുഹമ്മദ്കുട്ടി, യൂസഫ് തൈക്കാടൻ, അബ്ദുറഹ്മാൻ ആദൃശ്ശേരി, എ.സി. മുഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു. കെ.കെ. രിഫ, റിസ റിയാസ് എന്നിവർ തയ്യാറാക്കിയത് മികച്ച മഴ മാഗസിനുകളായി തിരഞ്ഞെടുത്തു.