അരക്കുപ്പറമ്പ്: മാതൃഭൂമിയുടെ 'സീഡ്' പദ്ധതിവഴി സ്‌കൂൾമുറ്റത്ത് ജൈവ പച്ചക്കറിക്കൃഷി നടത്തി വിളവെടുത്ത പച്ചക്കറികൾകൊണ്ട് ഓണസദ്യയും ഓണക്കിറ്റും നൽകാൻ ഒരുങ്ങുകയാണ് അരക്കുപ്പറമ്പ് പുത്തൂർ വി.പി.എ.എം.യു.പി. സ്‌കൂൾ വിദ്യാർഥികൾ.
സ്‌കൂൾമുറ്റത്തെ 40 സെന്റ് സ്ഥലത്താണ് പച്ചക്കറിക്കൃഷി നടത്തിയത്. അവധിദിവസങ്ങളിലും പച്ചക്കറിക്കൃഷി പരിപാലനത്തിന് വിദ്യാർഥികൾ സ്‌കൂളിലെത്തി.
ജൈവവളങ്ങളും ജൈവ കീടനിയന്ത്രണമാർഗങ്ങളുമാണ് വിദ്യാർഥികൾ ഉപയോഗിച്ചത്. ചൊവ്വാഴ്ച നടന്ന വിളവെടുപ്പിൽ 300 കിലോ മത്തൻ, 200 കിലോ കുമ്പളം, 100 കിലോ വെള്ളരി, വെണ്ട എന്നിവ ലഭിച്ചു.
വിളവെടുത്ത പച്ചക്കറികൾ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനും ഓണസദ്യക്കും ഉപയോഗിക്കും. മിച്ചംവരുന്ന പച്ചക്കറികൾ പ്രദേശത്തെ പാവപ്പെട്ടവർക്ക് ഓണസമ്മാനമായി നൽകാനും പദ്ധതിയുണ്ട്.
പി.ടി.എ. പ്രസിഡന്റ് കെ.പി. ഷംസുദ്ദീൻ, പ്രഥമാധ്യാപകൻ എൻ. ഹംസ, സീഡ് കോഓർഡിനേറ്റർ പി. യൂസഫ്, ബി. ശ്രീജ, എം.എൻ. രോഷ്‌നി, എം. അലി എന്നിവർ വിളവെടുപ്പിന് നേതൃത്വംനൽകി.