പെരിന്തൽമണ്ണ: പച്ചക്കറിക്കൃഷിയിൽ മികച്ച കുട്ടിക്കർഷകനായി മാതൃഭൂമി സീഡ് അംഗം തിരഞ്ഞെടുക്കപ്പെട്ടു. ചെറുകര എ.യു.പി. സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥി എ. അജിൻദേവാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഏലംകുളം പഞ്ചായത്തും കൃഷിഭവനുമാണ് മികച്ച കുട്ടിക്കർഷകനെ തിരഞ്ഞെടുത്തത്. സ്‌കൂളിലെ സീഡ്കാർഷിക ക്ലബ്ബുകളുടെ നേതൃത്വത്തിൽ പച്ചക്കറിവിത്തുകൾ നേരത്തെ വിതരണംചെയ്തിരുന്നു. ഇതുപയോഗിച്ചുള്ള കൃഷിയിലാണ് അജിൻദേവ് മികവുതെളിയിച്ചത്.
കർഷകദിനത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിരാമൻ അജിൻദേവിന് ഉപഹാരം സമ്മാനിച്ചു. ജില്ലാപഞ്ചായത്തംഗം ടി. ഹാജറുമ്മ, പഞ്ചായത്ത് വൈസ് പ്രസിന്റ് ആയിഷ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. ഗോവിന്ദപ്രസാദ്, കുയിലൻ മുഹമ്മദാലി, ഏലംകുളം സർവീസ് ബാങ്ക് പ്രസിഡന്റ് എ.എം.എൻ. ഭട്ടതിരിപ്പാട്, കൃഷി ഓഫീസർ ശ്രീരേഖ തുടങ്ങിയവർ പങ്കെടുത്തു.