വെള്ളൂര്‍: രുചിവൈവിധ്യങ്ങളുമായി വെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാട്ടുരുചിമേള സംഘടിപ്പിച്ചു. മാതൃഭൂമി സീഡ് ക്ലബ് സംഘടിപ്പിച്ച നാട്ടുരുചിമേള മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. താളും തകരയും ചേമ്പും ചേനയുമടക്കമുള്ളവയുപയോഗിച്ച് വിദ്യാര്‍ഥികളുണ്ടാക്കിയ വിഭവങ്ങള്‍ ഏറെ ശ്രദ്ധേയമായി. വീട്ടുകാരുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ വിഭവങ്ങള്‍ വിദ്യാലയത്തില്‍ പ്രദര്‍ശിപ്പിച്ചു.
വിവിധയിനം ചക്കവിഭവങ്ങള്‍, ഇലകള്‍കൊണ്ട് തയ്യാറാക്കിയ ഉപ്പേരികള്‍ തുടങ്ങി ചക്കക്കുരുഹല്‍വ വരെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പ്രദര്‍ശനത്തിലിടംപിടിച്ചു. വിഭവങ്ങള്‍ തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ പത്താംതരം ബി, ഡി വിഭാഗങ്ങള്‍ ഒന്നാംസ്ഥാനം നേടി.
പരിപാടിയില്‍ പി.ടി.എ. പ്രസിഡന്റ് കെ.വി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. സീഡ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ കെ.ഇ.കരുണാകരന്‍, എ.ജെ.മാത്യു, വി.കെ.സുരേശന്‍, കെ.വി.അരുണ, ഡോ. രതീഷ് നാരായണന്‍, വി.ആതിര തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അനില്‍ നടക്കാവ് സംവിധാനവും രചനയും നിര്‍വഹിച്ച നാടകം സെന്‍ട്രല്‍ ആര്‍ട്‌സ് വെള്ളൂര്‍ അവതരിപ്പിച്ചു.