ഹരിപ്പാട് ഗവ. ഗേള്‍സ് എച്ച്.എസ്.എസ്സില്‍ മാതൃഭൂമി സീഡ്, പരിസ്ഥിതി ക്‌ളബ്ബുകള്‍
നടത്തിയ ചക്ക മഹോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍
ചതിക്കാത്ത ചക്ക
ഹരിപ്പാട്: ചക്കയില്‍നിന്നുള്ള നൂറിലേറെ വിഭവങ്ങളൊരുക്കി കുട്ടികള്‍ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. ചക്കച്ചുളയും കുരുവും ചവുണിയും മാണവുമെല്ലാം കൊതിയൂറും വിഭവങ്ങളായി. ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില് വ്യാഴാഴ്ച നടന്ന ചക്ക മഹോത്സവമായിരുന്നു വേദി.
പൊറോട്ട, അപ്പം, ചപ്പാത്തി, ബിരിയാണി, കൊഴുക്കട്ട, ഉന്നയ്ക്കായ്, ഉണ്ണിയപ്പം, പക്കാവട, മുറുക്ക്, ദോശ, ബജി, ഇറച്ചി സമാനമായ കറി, സമൂസ... ചക്കകൊണ്ട് തയ്യാറാക്കാന്‍ കഴിയാത്ത വിഭവങ്ങളൊന്നുമില്ലെന്ന് കുട്ടികള്‍ കാണിച്ചു തന്നു.
'മാതൃഭൂമി' പ്രസിദ്ധീകരിച്ച 'ചതിക്കാത്ത ചക്ക'യെന്ന ലേഖന പരമ്പരയാണ് ഇവിടെ ചക്ക മഹോത്സവം എന്ന ആശയത്തിന് വഴിയായത്. സ്‌കൂളിലെ മാതൃഭൂമി സീഡിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും പ്രവര്‍ത്തകരാണ് സംഘാടകര്‍.
കുട്ടികള്‍ വീടുകളില്‍നിന്ന് തയ്യാറാക്കിയ വിഭവങ്ങളാണ് പ്രദര്‍ശനത്തിന് വച്ചത്. ഒപ്പം ഓരോ വിഭവങ്ങളും തയ്യാറാക്കാനുള്ള പാചകക്കുറിപ്പും പ്രദര്‍ശിപ്പിച്ചു. അധ്യാപകരും അനധ്യാപകരും കുട്ടികള്‍ക്ക് പിന്തുണ നല്‍കി.
.
'മാതൃഭൂമി' പരമ്പരയും തുടര്‍ന്നു 'മാതൃഭൂമി' പ്രസിദ്ധീകരിച്ച മുഖപ്രസംഗവും ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ പ്രദര്‍ശനവുമുണ്ടായിരുന്നു. സ്‌കൂളിലെ ഹാളിലും വരാന്തയിലുമായാണ് പ്രദര്‍ശനം ഒരുക്കിയിരുന്നത്. സമീപ പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും കൂടി പ്രദര്‍ശനം കാണാനെത്തി.
എന്‍.സി.സി., എന്‍.എസ്.എസ്., ജൂനിയര്‍ റെഡ്‌ക്രോസ്, എസ്.പി.സി. എന്നിവയുടെ സ്റ്റാളുകളും പ്രദര്‍ശന നഗരിയിലുണ്ടായിരുന്നു.
പാചക, പോസ്റ്റര്‍ വിഭാഗങ്ങളിലെ വിജയികള്‍ക്ക് 500 രൂപ വീതവും രണ്ടാം സ്ഥാനക്കാര്‍ക്ക് 300 രൂപ വീതവും സമ്മാനം നല്‍കും.
ചക്കയുടെ മഹത്വം തിരിച്ചറിയാനുതകിയ 'ചതിക്കാത്ത ചക്ക' എന്ന പരമ്പര തയ്യാറാക്കിയ 'മാതൃഭൂമി' ചീഫ് റിപ്പോര്‍ട്ടര്‍ എസ്.ഡി. വേണുകുമാറിനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം ശ്രീദേവി രാജന്‍ ഉദ്ഘാനം നിര്‍വഹിച്ചു.
പി.ടി.എ. പ്രസിഡന്റ് സതീഷ് ആറ്റുപുറം അധ്യക്ഷനായി. രാധാമണിയമ്മ, ലേഖാ അജിത്ത്, ഹെ്ഡമിസ്ട്രസ് റഹ്മത്ത് നിസ, പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന എ. സുമ, ദാമോദരന്‍ നമ്പൂതിരി, എസ്. സത്യജോതി, ഡി. ഷൈനി എന്നിവര്‍ പ്രസംഗിച്ചു.