ഹരിപ്പാട്: ഗവ. ഗേള്‍സില്‍ നടന്ന ചക്കമഹോത്സവത്തില്‍ പാചകറാണിമാരായത് സഹോദരിമാരായ ഫാത്തിമയും ആമിനയും പിന്നെ സാവിത്രി കൃഷ്ണനും. പത്താം ക്ലാസുകാരി ഫാത്തിമയും എട്ടില്‍ പഠിക്കുന്ന ആമിനയും ചേര്‍ന്ന് തയ്യാറാക്കിയത് 54 ചക്കവിഭവങ്ങളാണ്. സാവിത്രി അമ്പതോളം ഇനങ്ങള്‍ ഒരുക്കി. മാസങ്ങളോളം സൂക്ഷിച്ചുവയ്ക്കാവുന്ന വിഭവങ്ങളാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ സാവിത്രി തയ്യാറാക്കിയത്. പാചകവുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
മലബാര്‍ ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഫാത്തിമയും ആമിനയും പാചകപരീക്ഷണം നടത്തിയത്. ഇതില്‍ ചക്ക ഉന്നയ്ക്കായ് എന്ന വിഭവം ഏറെ പ്രശംസ പിടിച്ചുപറ്റി. ചക്ക ഫുല്‍ക്ക, ചക്ക കിണ്ണത്തപ്പം, ചക്ക പുഡിങ്, ചക്ക ബിരിയാണി, മധുരച്ചോറ്, മിക്‌സഡ് ഷേക്ക്, ചക്കക്കുരു ഉലത്തിയത്, ചക്കപ്പൂ ഉലത്തിയത്... സഹോദരിമാരുടെ സ്റ്റാളില്‍ രുചിയൂറും വിഭവങ്ങളുടെ നീണ്ടനിര.
ചക്കമഹോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച വിഭവങ്ങളില്‍ നല്ലത് തിരഞ്ഞെടുത്ത് സമ്മാനം നല്‍കുന്നുണ്ട്.