ടി.ഡി.ടി.ടി.ഐ.യിലെ സീഡ് അംഗങ്ങള്‍ ഔഷധക്കൂട്ടുകള്‍ ശേഖരിച്ചപ്പോള്‍ കോടംതുരുത്ത് വി.വി.എച്ച്.എസ്.എസ്സിലെ കുട്ടികള്‍
പത്തിലക്കൂട്ടുകള്‍ ശേഖരിച്ചപ്പോള്‍
തുറവൂര്‍: രാമായണ മാസാചരണത്തിന്റെ ഭാഗമായി പത്തിലത്തോരനും മരുന്നുകഞ്ഞിയുമുണ്ടാക്കി വിതരണം ചെയ്ത് സീഡ് അംഗങ്ങള്‍. കോടംതുരുത്ത് വി.വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികളാണ് പത്തിലത്തോരനൊരുക്കി വിതരണം ചെയ്തത്. തുറവൂര്‍ ടി.ഡി.ടി.ടി.ഐ.യിലെ സീഡ് അംഗങ്ങള്‍ മരുന്നുകഞ്ഞി തയ്യാറാക്കി. മത്തനില, പയറില, കൊയ്പ, ചുവന്നചീര, പച്ചച്ചീര, താള്, മുള്ളന്‍ചീര, തുമ്പ, കയ്യോന്നി, തഴുതാമയില, കീഴാര്‍നെല്ലി എന്നിവയാണ് തോരനുവേണ്ടി ശേഖരിച്ചത്.
സീഡ് കോ ഓര്‍ഡിനേറ്റര്‍ സംഗീത, അധ്യാപിക ജ്യോതി, കുട്ടികളായ ജയലക്ഷ്മി, നജുമ, ശ്രീക്കുട്ടി, കൃഷ്ണപ്രിയ തുടങ്ങിയവര്‍ ശേഖരണത്തില്‍ പങ്കാളികളായി. ടി.ഡി. സ്‌കൂളില്‍ കുട്ടികള്‍തന്നെ പരിസരത്തുനിന്ന് ശേഖരിച്ച പച്ചമരുന്നുകളാണ് കഞ്ഞിക്കായി ഉപയോഗിച്ചത്. ഇതോടൊപ്പം കര്‍ക്കടക മാസത്തിന്റെ പ്രാധാന്യവും ഔഷധസസ്യങ്ങളുടെ മൂല്യവുമെല്ലാം പകര്‍ന്നുനല്‍കുന്ന ക്ലാസ്സുകള്‍ നടന്നു. പരിപാടികള്‍ അധ്യാപകനായ ജെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കുമാരി കെ.എന്‍. പദ്മം, രാധാമണി ടീച്ചര്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ ജ്യോതിടീച്ചര്‍ എന്നിവരാണ് പരിപാടികള്‍ നയിച്ചത്. അധ്യാപക വിദ്യാര്‍ഥികള്‍ നാടകം അവതരിപ്പിച്ചു.