വടക്കഞ്ചേരി: മദര്‍ തെരേസ സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപരിപാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി വടക്കഞ്ചേരി തിരുവറ ഭാഗത്ത് റോഡരികില്‍ തണല്‍വൃക്ഷത്തൈകളും ഫലവൃക്ഷത്തൈകളും ഉള്‍പ്പെടെ 100 മരങ്ങള്‍ വിദ്യാര്‍ഥികള്‍ നട്ടു.
ആലത്തൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍നിന്ന് താന്നി, നീര്‍മരുത്, നെല്ലി, കുമിഴ് തുടങ്ങിയവയുടെ തൈകളെത്തിച്ചു. സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ എം. രമാദേവിയുടെ നേതൃത്വത്തില്‍ പ്ലാവ്, മാവ്, ഞാവല്‍ തുടങ്ങിയവയുമെത്തിച്ചു. റോഡരികില്‍ താമസിക്കുന്ന വീട്ടുകാര്‍ തൈകള്‍ക്ക് വെള്ളമൊഴിക്കാമെന്ന് ഏറ്റിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശനം നടത്തി തൈകള്‍ ആരോഗ്യത്തോടെ വളരുന്നുണ്ടെന്ന് ഉറപ്പാക്കും.
പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വൃക്ഷത്തൈകള്‍ നല്‍കാനാണ് തീരുമാനം. ഓരോ വിദ്യാര്‍ഥിയും ഓരോ മരം വളര്‍ത്തുകയാണ് ലക്ഷ്യം. വൃക്ഷത്തൈകള്‍ നല്‍കാമെന്ന് ആലത്തൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ ലത്തീഫും സമ്മതിച്ചിട്ടുണ്ട്. എം. രമാദേവി, മറ്റ് അധ്യാപകരായ പ്രീത എം.പി., മിലി ഫിലിപ്പ്, പി.ടി.എ. പ്രസിഡന്റ് ബഷീര്‍ എസ്., വിദ്യാര്‍ഥിപ്രതിനിധികളായ ഷാഫിന, അക്ഷയ് കൃഷ്ണ, സന, സോന, എല്‍ന, സൂരജ്, സൗരവ്, ദിനേശ് കൃഷ്ണ, നന്ദന, അക്ഷയ് എന്നിവര്‍ മരം നടീലിന് നേതൃത്വം നല്‍കി.
പ്ലാസ്റ്റിക് കവര്‍ കൊണ്ട് ചോറ്റുപാത്രം പൊതിയുന്നത് ഒഴിവാക്കാനായി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിശ്ചിതവലിപ്പത്തില്‍ തുണിയും തയ്യാറാക്കിനല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി സ്‌കൂളിന് സമീപമുള്ള കടകളില്‍ വിദ്യാര്‍ഥികള്‍ അട്ടപ്പെട്ടികളും വെച്ചിട്ടുണ്ട്.