സീഡ് ക്ലബ്ബിന് അഭിനന്ദനം

Posted By : pkdadmin On 18th August 2015


 ചിതലി: റോഡ് സുരക്ഷയ്ക്കായി മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ കാണിക്കുന്ന ജാഗ്രതയ്ക്ക് മോട്ടോര്‍വാഹനവകുപ്പിന്റെ അഭിനന്ദനവും നടപടിയും. ചിതലി ഭവന്‍സ് വിദ്യാമന്ദിറിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ പ്രത്യുഷയും സീഡ് റിപ്പോര്‍ട്ടര്‍മാരടക്കമുള്ള വിദ്യാര്‍ഥികളാണ് റോഡപകടങ്ങളൊഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ ആലത്തൂര്‍ മോട്ടോര്‍വാഹന വകുപ്പധികൃതര്‍ക്ക് സമര്‍പ്പിച്ചത്.
ദേശീയപാത കണ്ണനൂര്‍ഭാഗത്ത് നടപ്പുവഴിയിലൂടെ ഇരുചക്രവാഹനങ്ങള്‍വന്ന് ദേശീയപാതയിലേക്കിറങ്ങുന്നതിലെ അപകടം കുട്ടികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ദേശീയപാതയിലൂടെ വേഗംവരുന്ന വലിയ വാഹനങ്ങള്‍ക്കുമുമ്പില്‍ മുന്നറിയിപ്പില്ലാതെ ബൈക്കുകള്‍ വന്നുപെടുന്നത് അപകടങ്ങള്‍ക്കിടയാക്കിയിരുന്നു. കുട്ടികളുടെ നിവേദനത്തെത്തുടര്‍ന്ന് ഈ പാത ഇരുചക്രവാഹനങ്ങള്‍ക്ക് പോകാനാവാത്തവിധം അടച്ചതായി ആലത്തൂര്‍ ജോയന്റ് ആര്‍.ടി.ഒ. കെ.സി. മാണി പറഞ്ഞു.
2,300 ഓളം കുട്ടികള്‍ പഠിക്കുന്ന ചിതലിസ്‌കൂളിന് സമീപം റോഡ്‌സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട്-ചിതലി റൂട്ടില്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികളുടെ പരാതിയുള്‍പ്പെടെ കേട്ടാണ് സീഡ് റിപ്പോര്‍ട്ടര്‍മാരുടെ നേതൃത്വത്തില്‍ മോട്ടോര്‍വാഹനവകുപ്പിന് പരാതി നല്‍കിയത്. നാലുവരിപ്പാതയാക്കിയ ദേശീയപാതയില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധയും മറ്റുമുണ്ടാക്കുന്ന അപകടങ്ങളാണ് കുട്ടികള്‍ തെളിവുകളും ചിത്രങ്ങളുംസഹിതം ചൂണ്ടിക്കാട്ടിയത്.
ആലത്തൂര്‍ ജോയന്റ് റിജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.സി. മാണിയാണ് സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് കത്തയച്ചത്. മേഖലയില്‍ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print this news