ആമയൂരില്‍ നിരവധി വീട്ടുകാര്‍ രോഗബാധിതരാണെന്ന് കണ്ടെത്തല്‍

Posted By : pkdadmin On 18th August 2015


 കൊപ്പം: ആമയൂര്‍ സൗത്ത് എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ ആരോഗ്യസര്‍വേയില്‍ പ്രദേശത്തെ രണ്ട് വീടുകളില്‍ ശൗചാലയങ്ങളില്ലെന്നും നിരവധി വീട്ടുകാര്‍ രോഗബാധിതരാണെന്നും കണ്ടെത്തല്‍. 175 വീടുകളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ ഗ്രാമപ്പഞ്ചായത്തിന് കൈമാറി.
സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെയും സയന്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ആരോഗ്യസര്‍വേ നടത്തിയത്. 'മഴക്കാലരോഗങ്ങളും മുന്‍കരുതലുകളും' എന്ന വിഷയത്തെക്കുറിച്ചായിരുന്നു സര്‍വേ. 60ല്പരം വീടുകളിലും പലതരത്തിലുള്ള രോഗബാധിതരാണെന്നും കുട്ടികള്‍ക്ക് സര്‍വേയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. 
കുട്ടികള്‍ കണ്ടെത്തിയ വിവരങ്ങള്‍ പഞ്ചായത്തോഫീസിലെത്തി പ്രസിഡന്റിന് കൈമാറി. കുട്ടികള്‍ കണ്ടെത്തിയ കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും ശൗചാലയങ്ങളില്ലാത്ത വീടുകള്‍ക്ക് അവ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ധന്യ പറഞ്ഞു. സ്‌കൂളിലും ആവശ്യമായ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ നടപടി വേണമെന്ന് കുട്ടികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കൊപ്പം സാമൂഹികാരോഗ്യകേന്ദ്രത്തിലും കുട്ടികള്‍ നിവേദനവുമായെത്തി. സ്‌കൂളില്‍ രക്തനിര്‍ണയമുള്‍പ്പെടെയുള്ള മെഡിക്കല്‍ക്യാമ്പുകള്‍ നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ആസ്​പത്രി അധികൃതര്‍ക്ക് നിവേദനം നല്‍കിയത്. കുട്ടികള്‍ ബോധവത്കരണക്ലാസും നടത്തി.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ വീണ, സയന്‍സ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം. പത്മജ, സന്ധ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Print this news