പരിസ്ഥിതി സംരക്ഷണത്തിന്റെ കടലാസ് പാഠവുമായി എന്‍.ടി.പി.സി.

Posted By : Seed SPOC, Alappuzha On 16th August 2015


 
പുനരുപയോഗത്തിനുള്ള പേപ്പറുകള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം നടുവട്ടം വൊക്കേഷണല്‍ 
ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.ടി.പി.സി. ജനറല്‍ മാനേജര്‍ ശങ്കര്‍ദാസ് നിര്‍വഹിക്കുന്നു 
കടലാസ് പുനരുപയോഗത്തില്‍ മാതൃക
ഹരിപ്പാട്: എഴുതിത്തീര്‍ക്കുന്ന കടലാസുകള്‍ കത്തിച്ചുകളയാനും വലിച്ചെറിയാനുമുള്ളതാണെന്ന് കരുതുന്ന മലയാളികള്‍ക്ക് തിരിച്ചറിവിന്റെ പാഠവുമായി എന്‍.ടി.പി.സി. കായംകുളം യൂണിറ്റ്. ഓഫീസ് ഉപയോഗത്തിന് ശേഷം അവര്‍ വര്‍ഷങ്ങളായി സൂക്ഷിച്ചുവച്ചിരിക്കുന്ന കടലാസുകള്‍ റീ സൈക്കിള്‍ ചെയ്ത് ചാര്‍ട്ട് പേപ്പറുകളാക്കുകയാണ്. വാട്ടര്‍ കളറിന് നന്നായി വഴങ്ങുന്ന ഈ പേപ്പറുകള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നു. പരസ്ഥിതി സംരക്ഷണത്തിന്റെ കടലാസ് പാഠമാണ് ഇതിലൂടെ  ലക്ഷ്യമാക്കുന്നത്. 'മാതൃഭൂമി' സീഡും പദ്ധതിക്കൊപ്പമുണ്ട്. ചാര്‍ട്ട് പേപ്പറുകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച പള്ളിപ്പാട് നടവട്ടം വി.എച്ച്.എസ്.എസ്സില്‍ നടന്നു. ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നങ്ങ്യാര്‍കുളങ്ങര, കാര്‍ത്തികപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളിലെ ഗവ.യു.പി.സ്‌കൂളുകള്‍ എന്നിവിടങ്ങളിലും ആദ്യഘട്ടത്തില്‍ പേപ്പറുകള്‍ എത്തിക്കും.
കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രസഹായത്തോടെയാണ് കടലാസുകള്‍ പുനരുപയോഗത്തിന് തയ്യാറാക്കുന്നത്. ഒരു ദിവസം 25 മുതല്‍ 35 വരെ ഷീറ്റുകള്‍  ഉത്പാദിപ്പിക്കാനാണ് നിലവില്‍ എന്‍.ടി.പി.സി. യുടെ ചേപ്പാട് ടൗണ്‍ഷിപ്പില്‍ സൗകര്യമുള്ളത്.  
ഒരു ടണ്‍ പേപ്പര്‍ പുനരുപയോഗിക്കുന്നത് 14 മരങ്ങളുടെ സംരക്ഷണത്തിന് ഉതകുമെന്നാണ് കണക്ക്.   ഈ കണക്കുകളില്‍നിന്നാണ് കടലാസിന്റെ പുനരുപയോഗത്തിനുള്ള ആശയം രൂപപ്പെടുന്നതെന്ന് എന്‍.ടി.പി.സി. അധികൃതര്‍ സൂചിപ്പിച്ചു. 
എന്‍.ടി.പി.സി. ജനറല്‍ മാനേജര്‍ ശങ്കര്‍ദാസ് പേപ്പര്‍ കൈമാറ്റത്തിന്റെ   ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം.എസ്. മോഹനന്‍ അധ്യക്ഷനായി. അഡീഷണല്‍ ജനറല്‍ മാനേജര്‍ വി.വി. ശിവകുമാര്‍ പദ്ധതി വിശദീകരിച്ചു.  പ്രിന്‍സിപ്പല്‍ ബി. രമേഷ് കുമാര്‍, ഹെഡ്മിസ്ട്രസ്സ് സി.എസ്. ഗീതാകുമാരി, 'മാതൃഭൂമി' യൂണിറ്റ് മാനേജര്‍ സി. സുരേഷ് കുമാര്‍, ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ്, പി.ടി.എ. പ്രസിഡന്റ് ബി. രാജേഷ്, സ്റ്റാഫ് സെക്രട്ടറി ആര്‍.കെ. സുധീര്‍, 'മാതൃഭൂമി' സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ. സലില്‍ കുമാര്‍, രാധന്‍ നടുവട്ടം എന്നിവര്‍ പ്രസംഗിച്ചു. 
 
 

Print this news