രാജപുരം: ഭാവിയിലെ ഭക്ഷ്യ സുരക്ഷയ്ക്കായി സ്‌കൂള്‍ വളപ്പില്‍ അറുപത് പ്ലാവിന്‍ തൈകള്‍ നട്ട് സീഡ് അംഗങ്ങള്‍. കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ് സ്‌കൂളില്‍ നടത്തിയ ചക്ക മഹോത്സവത്തിന്റെ തുടര്‍ച്ചയായാണ് സ്‌കൂളിന്റെ അറുപതാം വര്‍ഷത്തില്‍ അറുപത് പ്ലാവിന്‍ തൈകള്‍ നട്ടത്.
ഫലവൃക്ഷങ്ങളുടെ സംരക്ഷണത്തിലൂടെ ഭാവിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള സന്ദേശം വിദ്യാര്‍ഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ വീടുകളിലും പ്ലാവിന്‍തൈ നട്ട് അതിനെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സീഡ് ക്ലബ് നേതൃത്വം നല്കും.
പ്ലാവിന്‍തൈകളുടെ വിതരണം കള്ളാര്‍ പഞ്ചായത്തംഗവും പി.ടി.എ. പ്രസിഡന്റുമായ ബി.അബ്ദുള്ള നിര്‍വഹിച്ചു. പ്രഥമാധ്യാപകന്‍ ഷാജി ഫിലിപ്പ് സംസാരിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ എ.എം.കൃഷ്ണന്‍ നേതൃത്വം നല്കി.