തവനൂർ: പച്ചക്കറിയിലെ കീടരോഗനിയന്ത്രണത്തെക്കുറിച്ച് പുത്തനറിവുകൾ പകർന്നുനൽകി 'സീഡ്' ശില്പശാല. മാതൃഭൂമി സീഡും ജില്ലാ കൃഷിവിജ്ഞാനകേന്ദ്രവും ചേർന്നാണ് തവനൂരിലെ കൃഷിവിജ്ഞാനകേന്ദ്രത്തിൽ ശില്പശാല സംഘടിപ്പിച്ചത്. ജൈവ കീടരോഗനിയന്ത്രണങ്ങളെക്കുറിച്ചും അത്യുത്പാദനശേഷിയുള്ള വിത്തുകളെക്കുറിച്ചും ശില്പശാലയിൽ വിദഗ്ധർ ക്ലാസെടുത്തു. പച്ചക്കറിയിലെ കീടരോഗനിയന്ത്രണത്തെക്കുറിച്ച് കീടരോഗവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബെറിൻ പത്രോസും വിവിധയിനം വിത്തിനങ്ങളെക്കുറിച്ചും വളപ്രയോഗങ്ങളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും ഹോർട്ടികൾച്ചർ വിഭാഗം പ്രൊഫസർ ഡോ. എം. ആശാശങ്കറും ക്ലാസെടുത്തു , സീഡ് എക്‌സിക്യുട്ടീവ് സോഷ്യൽ ഇനീഷ്യേറ്റീവ് ജസ്റ്റിൻ ജോസഫ് പദ്ധതി വിശദീകരിച്ചു. സീഡ് തിരൂർ വിദ്യാഭ്യാസജില്ലാ കോഓർഡിനേറ്റർ കെ. മണികണ്ഠൻ, അസിസ്റ്റന്റ് പ്രൊഫസർ വി.ജി. സുനിൽ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള സീഡ് കോഓർഡിനേറ്റർമാരാണ് ശില്പശാലയിൽ പങ്കെടുത്തത്.