കണിച്ചുകുളങ്ങര: ആയുര്‍വേദ ഔഷധ സേവാ മാസക്കാലമായ കര്‍ക്കടകത്തില്‍ വിശ്വഗാജി മഠത്തിലേക്ക് അറിവുകള്‍ തേടിയുള്ള യാത്രയോടെ കണിച്ചുകുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനം തുടങ്ങി. കാവുകളുടെ പ്രാധാന്യത്തെക്കുറിച്ചും, ഔഷധക്കഞ്ഞിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഔഷധക്കൂട്ടുകളെയും കുറിച്ച് സ്വാമി അസ്പര്‍ശാനന്ദ ക്ലബ്ബംഗങ്ങള്‍ക്ക് അറിവുപകര്‍ന്ന് നല്കി. മരുന്നുകഞ്ഞി കുടിച്ചാണ് കുട്ടികള്‍ മഠത്തില്‍നിന്ന് മടങ്ങിയത്.
നേരത്തെ സ്കൂള്‍ ഹാളില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.പ്രിയേഷ്കുമാര്‍ കണിച്ചുകുളങ്ങര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. "കര്‍ക്കടകമാസം ആയുര്‍വേദ ഔഷധ സേവ മാസക്കാലം' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ റിട്ടയേഡ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ സന്തോഷ് തോമസ് വര്‍ഷകാല ചര്യകളെ കുറിച്ചും ആയുര്‍വേദ ഔഷധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു. വൃക്ഷ സംരക്ഷണത്തെക്കുറിച്ചും ജീവജാലങ്ങളുടെ വംശനാശത്തെക്കുറിച്ചും വനമിത്ര അവാര്‍ഡ് ജേതാവ് സി.വി.വിദ്യാധരനും കൃഷി രീതികളെകുറിച്ച് കര്‍ഷകമിത്ര അവാര്‍ഡ് ജേതാവ് ടി.എസ്.വിശ്വനും ക്ലാസ്സെടുത്തു.
യോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് എന്‍.രാജീവ് അധ്യക്ഷത വഹിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.ബാബു, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ലിഡാ ഉദയന്‍, എച്ച്.എം. കെ.പി.ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ അരുണ രവീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ജി.അജിമോന്‍ നന്ദിയും പറഞ്ഞു.