'ജൈവകാഹളം' മുഴക്കി കുട്ടികള്‍ നാടിന് മാതൃകയായി...

Posted By : ktmadmin On 11th August 2015


 പൂഞ്ഞാര്‍: തൊപ്പിപ്പാള ധരിച്ച കുട്ടിക്കര്‍ഷകരുടെ ആര്‍പ്പുവിളികളുടെ അകമ്പടിയോടെ പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ 'ജൈവകാഹളം' മുഴങ്ങി. ജൈവകൃഷി പ്രചരിപ്പിക്കാന്‍ സ്‌കൂളിലെ 'സീഡ്' പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്ലൂബ് നടത്തുന്ന 'എന്റെ കൃഷി എന്റെ ഭക്ഷണം' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പൂഞ്ഞാര്‍ കൃഷിഭവന്റെ സഹകരണത്തോടെ പ്രദേശത്തെ 1500 കുടുംബങ്ങളില്‍ ജൈവകൃഷിത്തോട്ടം ആരംഭിക്കും. കര്‍ഷകവേഷം ധരിച്ച കുട്ടികള്‍ വാദ്യോപകരണമായ കൊമ്പ് ഉപയോഗിച്ച് 'ജൈവകാഹളം' മുഴക്കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ചിങ്ങമാസത്തിനും കര്‍ഷകദിനത്തിനും സ്വാഗതമോതി നൃത്തച്ചുവടുകളോടെ പെണ്‍കുട്ടികള്‍ നടത്തിയ കര്‍ഷകഗാനവും വീഡിയോ പ്രദര്‍ശനവും ശ്രദ്ധേയമായി. 
സ്‌കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എം.എ.റഫീക്ക് പച്ചക്കറിവിത്തുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ്,, ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ് വയലില്‍ കളപ്പുര, സി.എം.ഐ. പി.ടി.എ. പ്രസിഡന്റ് ജോസ് വലിയപറമ്പില്‍, എല്‍.പി.സ്‌കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ ഗ്രേസ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റര്‍മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും നല്‍കി. എല്ലാ കുട്ടികളുടെയും വീടുകളില്‍ ജൈവകൃഷിത്തോട്ടം ആരംഭിക്കും. മുതിര്‍ന്ന കുട്ടികള്‍ അവരുടെ അയല്‍വീടുകളിലും ജൈവകൃഷിയുടെ സന്ദേശം എത്തിക്കും. 

Print this news