ചത്തിയറ സ്കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രോജക്ട് നിര്‍ദേശങ്ങള്‍ നടപ്പായില്ല

Posted By : Seed SPOC, Alappuzha On 13th August 2013


 
 
ചാരുംമൂട്: പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ചത്തിയറ വൊക്കേഷല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സഞ്ജീവനി സീഡ്ക്ലബ് അംഗങ്ങള്‍ തയ്യാറാക്കിയ പ്രോജക്ടിലെ നിര്‍ദേശങ്ങള്‍ നടപ്പായില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന് കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങിയിരിക്കുകയാണ്. 
 താമരക്കുളം, വള്ളികുന്നം പ്രദേശങ്ങളില്‍ പരിസ്ഥിതി നാശം വിതച്ചുകൊണ്ടിരിക്കുന്ന പേപ്പര്‍ മില്ലിന്റെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി 2012 ഒക്‌ടോബര്‍ 16 നാണ് ചത്തിയറ സ്കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബീഗം കെ. രഹ്‌നയും ക്ലബ്‌ലീഡര്‍ ബി. നയനയും കുട്ടികളും ചേര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കിയത്. ഇതേത്തുടര്‍ന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തി സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. 
2013 ജനവരി 31 ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ സജീവന്റെ നേതൃത്വത്തില്‍ പൊതുജനസമ്പര്‍ക്ക പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇത് ഉദ്യോഗസ്ഥ -രാഷ്ട്രീയ- മാഫിയ കൂട്ടുകെട്ടുകളുടെ അവിശുദ്ധബന്ധത്തെ തുടര്‍ന്ന് അട്ടിമറിക്കപ്പെട്ടതായാണ് സിഡ് ക്ലബ്ബിന്റെ ആരോപണം. സീഡ് ക്ലബ് അംഗങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്ന ചത്തിയറ മോഡല്‍ പരിസ്ഥിതി സംരക്ഷണ പ്രോജക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കി. 
 

Print this news