പഞ്ചായത്തുവക സ്ഥലത്തും'സീഡ്' കാര്‍ഷികവിപ്ലവം

Posted By : ktmadmin On 6th August 2015


ബ്രഹ്മമംഗലം: ഗ്രാമപ്പഞ്ചായത്തുവക സ്ഥലത്തേക്കും മാതൃഭൂമി'സീഡി'ന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കൊണ്ട് പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിടുകയാണ് ബ്രഹ്മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 50 പേരാണ് സീഡില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിലെ സ്ഥലപരിമിതിയെ മറികടക്കാന്‍ നടത്തിയ പരിശ്രമമാണ് പുതിയ തുടക്കത്തിനുപിന്നില്‍.
സ്‌കൂളിനുസമീപത്തെ ചെന്പ് ഗ്രാമപ്പഞ്ചായത്തോഫീസിനോട് ചേര്‍ന്നുള്ള 15 സെന്റ് സ്ഥലത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. കാടുപിടിച്ചുകിടന്ന ഇവിടം കുട്ടികള്‍തന്നെ വെട്ടി ത്തെളിച്ച് കൃഷിയിടമാക്കി. പയര്‍, വെണ്ട, ചീനിമുളക്, വഴുതന, കൂര്‍ക്ക എന്നിവയാണ് നട്ടത്. തൈകള്‍ക്കിപ്പോള്‍ മൂന്നാഴ്ചത്തെ വളര്‍ച്ചയായി. പഞ്ചായത്തുകിണറ്റില്‍നിന്ന് കുട്ടികള്‍ വെള്ളം കോരിയൊഴിക്കും.
ഇതുകൂടാതെ 50 ഗ്രോബാഗിലും കൃഷിയുണ്ട്. പാട്ടത്തിനെടുത്ത് ഒരേക്കര്‍നെല്‍കൃഷി നടത്താനുള്ള ഒരുക്കത്തിലാണിവര്‍. മിക്കകുട്ടികളും വീട്ടിലും കൃഷി ചെയ്തുവരുന്നു.
കൃഷിഭവന്റെ പൂര്‍ണ്ണസഹകരണത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപികമാരായ എസ്.അഞ്ജന, സിജി ജേക്കബ്, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍.രതീഷ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Print this news