കൊഴിഞ്ഞാമ്പാറ ഗവ. യു.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി

Posted By : pkdadmin On 5th August 2015


കൊഴിഞ്ഞാമ്പാറ: ഗവ. യു.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി പ്രവര്‍ത്തനത്തിന് തുടക്കമായി. വിദ്യാലയത്തിലെ 840-ഓളം കുട്ടികളില്‍ 45 കുട്ടികളുടെ വീടുകളില്‍ ജൈവപച്ചക്കറി അടുക്കളത്തോട്ടം ആരംഭിക്കാനുള്ള ബോധവത്കരണം നടത്തി.
വിദ്യാലയത്തില്‍ ഒരുക്കിയ തോട്ടത്തില്‍ പച്ചക്കറിത്തൈകളും ഫലവൃക്ഷത്തൈകളും നട്ടാണ് തുടക്കം കുറിച്ചത്. കൃഷിഭവനില്‍നിന്ന് 100-ഓളം ബാഗുകളും വിത്ത്, വളം, തൈകള്‍ എന്നിവയും 5000 രൂപയും നല്‍കി. വീടുകളില്‍ ജൈവപച്ചക്കറിക്കൃഷി ആരംഭിക്കുന്നതിന് നൂറോളം ബാഗുകളും നല്‍കി.
ഉത്പാദിപ്പിക്കുന്ന പച്ചക്കറി വിദ്യാലയത്തില്‍ ഉച്ചഭക്ഷണത്തിന് ന്യായവിലയ്ക്ക് നല്‍കാനും വീടുകളിലും മാര്‍ക്കറ്റിലും വിദ്യാര്‍ഥികള്‍ തന്നെ വില്പന നടത്തുവാനുമാണ് തീരുമാനം. ഇതിന് പുറമെ കുടുംബശ്രീ യൂണിറ്റുകളെക്കൂടി പങ്കെടുപ്പിക്കാനും അതുവഴി ജൈവപച്ചക്കറിക്കൃഷി വ്യാപകമാക്കാനുമുള്ള പദ്ധതിക്ക് രൂപം നല്‍കി.
വിദ്യാലയത്തില്‍ നടന്ന ചടങ്ങ് കൊഴിഞ്ഞാമ്പാറ കൃഷി ഓഫീസര്‍ ജോര്‍ജ് സ്വിറ്റ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ അബ്ദുള്‍ ഖലിലൂര്‍ റഹ്മാന്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ വി.എസ്. ധന്യ, എം. ബേബി, അധ്യാപകരായ എം. മണി, സ്റ്റിജു, സീഡ് ക്ലബ്ബ് ലീഡര്‍ ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.

Print this news