ചിറ്റൂര്‍: കൃഷി ജീവിതത്തിന്റെ ഭാഗമാണ്, നന്ദിയോടെന്ന കാര്‍ഷികഗ്രാമത്തിന്. പുസ്തകങ്ങളിലില്ലാത്ത പാഠം പ്രകൃതിയില്‍നിന്ന് പകര്‍ത്തുകയാണ് ഇവിടത്തെ കുട്ടികളും. ഗവ. ഹൈസ്‌കൂളിന് സമീപത്തെ പാടത്ത് സ്വന്തമായി നടത്തുന്ന നെല്‍ക്കൃഷിയുടെ പരിപാലനത്തിലാണിവര്‍. ഊഴമിട്ട് പാടത്തെത്തി ഒന്നരപ്പറ കൃഷിയിടത്തെ കള പറിക്കലാണിപ്പോള്‍ നടത്തുന്നത്. മുന്‍വര്‍ഷം ഇവിടെ നടത്തിയ നെല്‍ക്കൃഷി നൂറുമേനി വിളവുനല്‍കിയതിന്റെ ആവേശത്തിലാണ് ഈ സീഡ് ക്ലൂബ്ബംഗങ്ങള്‍. കുട്ടികളുടെ കൃഷിയോടുള്ള താത്പര്യം കണ്ട് നന്ദിയോട് സ്വദേശി കളത്തില്‍ ടി.വി.ആര്‍. രാജനാണ് കൃഷിഭൂമി സൗജന്യമായി നല്‍കിയത്.
സ്‌കൂളിലെ പ്രവൃത്തിപരിചയക്ലൂസുകളും രാവിലെയും വൈകീട്ടും ഒരു മണിക്കൂര്‍ വീതവും ക്ലൂസില്ലാത്ത മറ്റ് ഇടവേളകളും ഈ കുട്ടികള്‍ കൃഷിയിടത്തില്‍ത്തന്നെ ചെലവഴിക്കുകയാണ്. ജ്യോതിമട്ട ഇനത്തില്‍പ്പെട്ട നെല്ലാണ് വിതച്ചത്.
വരള്‍ച്ച തുടങ്ങുന്നത് പ്രദേശത്തെ കര്‍ഷകരെ ആശങ്കാകുലരാക്കുന്നുണ്ടെങ്കിലും സ്‌കൂളിന് സമീപത്തെ കുളത്തില്‍നിന്ന് സുലഭമായി വെള്ളം കിട്ടുന്നത് കുട്ടികളുടെ കൃഷിക്ക് സഹായകമായി. സമീപത്തെ കര്‍ഷകരായ കാര്‍ത്ത്യായനിയും ദേവിയും ശ്രീജയും വേലമ്മയുമാണ് കുട്ടികള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നത്. സ്‌കൂളില്‍ നല്ലൊരു പച്ചക്കറിത്തോട്ടവും കുട്ടികളുടേതായുണ്ട്. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി. ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി. സുബ്രഹ്മണ്യന്‍, യു.പി. സ്‌കൂള്‍ പ്രഥമാധ്യാപിക എം.പി. മഞ്ജുള, സീഡ് കോ-ഓര്‍ഡിനേറ്റും അധ്യാപികയുമായ ആര്‍. രതില എന്നിവരുടെ പ്രോത്സാഹനമാണ് രണ്ടാം വര്‍ഷവും നെല്പാടത്തേക്കിറങ്ങാന്‍ പ്രേരണയായതെന്ന് കുട്ടികള്‍ പറയുന്നു.