വിളപ്പില്‍ശാല: സാമൂഹിക, പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നിരന്തരമായ ഇടപെടല്‍ നടത്തിയ വിളപ്പില്‍ശാല യു.പി. സ്‌കൂള്‍ സീഡ് പോലീസാണ് സ്‌കൂളിനെ സീഡ് 2014-15 പദ്ധതിയില്‍ ഹരിത വിദ്യാലയം പുരസ്‌കാരം നേട്ടത്തില്‍ എത്തിച്ചത്. സ്‌കൂള്‍ പരിസരത്തെ ലഹരി ഉപഭോഗം അധികൃത ശ്രദ്ധയില്‍ എത്തിച്ചതുമുതല്‍ വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ ഇടപെട്ടാണ് സ്‌കൂള്‍ സീഡ് പോലീസ് മാതൃകയായത്. ജലജന്യ രോഗങ്ങള്‍ക്കെതിരെ അവബോധം വളര്‍ത്താനും ലഹരി, ഊര്‍ജ സംരക്ഷണ പ്രശ്‌നങ്ങളിലും സീഡ് പോലീസ് കാര്യക്ഷമമായി ഇടപെട്ടു. ജൈവവൈവിധ്യ നിരീക്ഷണം നടത്തിയാണ് സീഡ് 'തവളകള്‍ നാടുനീങ്ങുന്നു' എന്ന പേരില്‍ പഠനപ്രവര്‍ത്തനം നടത്തിയത്. 'വൈദ്യുതിയും എന്റെ വീടും' എന്നപേരില്‍ നടന്ന ഊര്‍ജ സംരക്ഷണ കാമ്പയിന്‍ ശ്രദ്ധേയമായി.
പരിമിതമായ സ്ഥലത്തും ഇവര്‍ മികച്ച രീതിയില്‍ കൃഷി നടത്തുന്നു. സ്‌കൂള്‍ ഉച്ചഭക്ഷണത്തിനാണ് ലഭ്യമായ വിളവ് മുന്‍വര്‍ഷങ്ങളില്‍ ഉപയോഗിച്ചത്. സാന്ത്വനം ചികിത്സാ പദ്ധതി നടപ്പിലാക്കിയത് ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ്. സമൂഹ ശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വത്തിനും പ്രാധാന്യം നല്‍കിയാണ് കഴിഞ്ഞവര്‍ഷം സീഡ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. പ്രഥമാധ്യാപകന്‍ അഗസ്റ്റിന്റെ പിന്തുണയില്‍ ഈ അധ്യയനവര്‍ഷവും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇവിടത്തെ കുരുന്നുകള്‍.