രാജപുരം: ഫാസ്റ്റ് ഫുഡിന്റെ രുചിക്കൂട്ടില് മയങ്ങിയ പുതുതലമുറയ്ക്ക് രുചിയുടെ പുതിയ അനുഭവം പകര്ന്നുനല്കാന് ഇലക്കറിമേളയൊരുക്കി സീഡ് കുട്ടികള്. ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സീഡ് അംഗങ്ങളാണ് ആരോഗ്യം കാക്കേണ്ട കര്ക്കടകത്തില് ഇലക്കറി പ്രദര്ശനവും മത്സരവുമൊരുക്കിയത്.
നാട്ടിടവഴികളിലും വീട്ടുപറമ്പുകളിലും ആരും ശ്രദ്ധിക്കാതെപോകുന്ന ഔഷധഗുണവും ആരോഗ്യത്തെ കാക്കുന്നതുമായ വ്യത്യസ്ത ഇലകള്‍ ഉപയോഗിച്ച് ഇരുപത്തഞ്ചോളം വിഭവങ്ങളാണ് കുട്ടികള് പ്രദര്ശനത്തിനായി തയ്യാറാക്കിക്കൊണ്ടുവന്നത്. മുത്തിള് ഇല ചമ്മന്തി, തഴുതാമ തോരന്, ചീര കട്‌ലറ്റ്, കുടങ്ങല് തേങ്ങ ചമ്മന്തി, പത്രാട പുളിശ്ശേരി, ഇലകള്‌കൊണ്ടുള്ള അട തുടങ്ങി പോഷകസമൃദ്ധമായ ഭക്ഷണം ചെലവുകുറഞ്ഞരീതിയില് വീട്ടില്‌നിന്ന് തയ്യാറാക്കിക്കൊണ്ടുവരികയായിരുന്നു.
വൈറ്റമിന് എ, ബി, സി എന്നിവയടങ്ങിയിട്ടുള്ള ഇലക്കറികള് ഭക്ഷണത്തിലുള്‌പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വിദ്യാര്ഥികളിലെത്തിക്കാനാണ് ഇലക്കറിമേളയൊരുക്കിയതെന്ന് സീഡ് കോഓര്‍ഡിനേറ്റര് സി.സീമ പറഞ്ഞു. സ്‌കൂള് പ്രിന്‌സിപ്പല് ഫാ. ജിബിന് വാഴക്കാലയില്, ഫാ. ജീര രത്‌നം, ഫാ. ബിനു, അബ്രാഹാം തോമസ്, കെ.എസ്.ഷീജ, മനീഷ സാലു, അനീറ്റ ബിജോ എന്നിവര് നേതൃത്വം നല്കി.