മാതൃഭൂമി സീഡ് പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് തീര്‍ത്ത
'പ്രകൃതിക്കൊരു കൈയൊപ്പ്' കാന്‍വാസ് മാതൃഭൂമി കൊച്ചി സീനിയര്‍ ന്യൂസ് എഡിറ്റര്‍ വി. ജയകുമാര്‍, ഫെഡറല്‍ ബാങ്ക് ജനറല്‍ മാനേജര്‍ ആന്‍ഡ് എച്ച്.ആര്‍. ഹെഡ് തമ്പി കുര്യന് കൈമാറുന്നു
ആലുവ: മണ്ണില്‍ കൈ പതിച്ച് മരത്തിന് ശിഖരങ്ങള്‍ നല്‍കിയ പ്രകൃതിയുടെ കാന്‍വാസ് ഫെഡറല്‍ ബാങ്കിന് കൈമാറി. മാതൃഭൂമി 'സീഡ്' സംഘടിപ്പിച്ച 'പ്രകൃതിക്കൊരു കൈയൊപ്പ്' ചടങ്ങില്‍ വെച്ചാണ് കാന്‍വാസില്‍ മണ്ണ് കൊണ്ട് മരം തീര്‍ത്തത്.
ഫ്രെയിം ചെയ്ത കാന്‍വാസ് ബുധനാഴ്ച ഫെഡറല്‍ ബാങ്കിന്റെ ആലുവയിലെ ഹെഡ് ഓഫീസിലെത്തിയാണ് മാതൃഭൂമി കൊച്ചി സീനിയര്‍ ന്യൂസ് എഡിറ്റര്‍ വി. ജയകുമാര്‍, ഫെഡറല്‍ ബാങ്ക് ജനറല്‍ മാനേജര്‍ ആന്‍ഡ് എച്ച്.ആര്‍. ഹെഡ് തമ്പി കുര്യന് നല്‍കിയത്.
ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയുള്ള പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നടന്ന ജൂണ്‍ 27നാണ് മണ്ണിന്റെ കൈയൊപ്പ് പതിച്ച കാന്‍വാസ് തീര്‍ത്തത്. മറൈന്‍ഡ്രൈവിലെ ഫെഡറല്‍ ടവേഴ്‌സില്‍ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്‍ മണ്ണില്‍ കൈമുക്കി കാന്‍വാസില്‍ ആദ്യ കൈയടയാളം ചാര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മണ്ണിന്റെ മണമുള്ള ഇലകള്‍ തീര്‍ത്തു.
ശ്യാം ശ്രീനിവാസന്‍ കൈയടയാളം പതിപ്പിച്ച ഉദ്ഘാടന ചടങ്ങ് നിമിഷങ്ങള്‍ കൊണ്ട് മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്‍ ചിത്രമാക്കിയിരുന്നു.
ഈ ചിത്രവും ഫെഡറല്‍ ബാങ്കിന് കൈമാറി. കുട്ടികള്‍ക്കിടയില്‍ പ്രകൃതിയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ സീഡ് വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് തമ്പി കുര്യന്‍ പറഞ്ഞു.
പ്രകൃതിക്കൊരു കൈയൊപ്പ് പരിപാടി മാതൃഭൂമി കൊച്ചി റീജണല്‍ മാനേജര്‍ വി. ഗോപകുമാര്‍ വിശദീകരിച്ചു. യൂണിറ്റ് മാനേജര്‍ പി. സിന്ധു, ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ രൂപ്ചന്ദ് എന്നിവര്‍ പങ്കെടുത്തു. ഫെഡറല്‍ ബാങ്ക് ഹെഡ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ചടങ്ങിന് സാക്ഷികളായി.