നിയമം പാലിച്ചവര്‍ക്ക് മിഠായി; ലംഘിച്ചവര്‍ക്ക് മുന്നറിയിപ്പ്

Posted By : Seed SPOC, Alappuzha On 8th August 2013


 
പാണ്ടനാട്: ട്രാഫിക് നിയമം പാലിച്ച് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളുടെ വക മിഠായി. നിയമം ലംഘിച്ച് വരുന്നവര്‍ക്കാകട്ടെ മുന്നറിയിപ്പും ബോധവത്കരണവും. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്ക്കൂളിലെ സീഡ്ക്ലബ്ബ് അംഗങ്ങളാണ് ട്രാഫിക്ക് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണവുമായി റോഡിലിറങ്ങിയത്. വാഹനങ്ങള്‍ സീഡ്ക്ലബ്ബ്അംഗങ്ങള്‍ കൈകാണിച്ച് നിര്‍ത്തി. സീറ്റ്‌ബെല്‍റ്റിടുകയും ഹെല്‍മെറ്റ് ധരിക്കുകയുമൊക്കെ ചെയ്തിരുന്ന യാത്രികര്‍ക്കെല്ലാം മിഠായി നല്‍കി. 
 ട്രാഫിക് നിയമം ലംഘിച്ചവരോട് അതിന്റെ ഭവിഷ്യത്തുകള്‍ കുട്ടികള്‍ പറഞ്ഞു മനസ്സിലാക്കി. ഇനി നിയമംലംഘിക്കില്ലെന്ന് കുട്ടികള്‍ക്ക് ഉറപ്പു നല്‍കിയാണ് പലരും പോയത്. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ബോധവത്ക്കരണ പരിപാടികള്‍ക്ക് ഇറങ്ങിയിരുന്നു. റോഡ് സുരക്ഷാനിയമങ്ങളടങ്ങിയ ലംഘുലേഖയും ഇവര്‍ വിതരണം ചെയ്തു. സീഡ് പോലീസ് അംഗങ്ങള്‍. എന്‍.സി.സി.അംഗങ്ങള്‍ ഹെഡ്മിസ്ട്രസ് എം.സി.അംബികാകുമാരി, സീഡ് കോ-ഓഡിനേറ്റര്‍ ആര്‍.രാജേഷ്, ടി.കെ.ശശി, വി.ജി.മനേഷ്, കൃഷ്ണന്‍ നമ്പൂതിരി എന്നിവരും പങ്കെടുത്തു.
 

Print this news