പാലക്കാട്: ഒരുമിച്ചുനിന്നാണ് അവര്‍ മണ്ണിനെയും മരങ്ങളെയും കാത്തത്. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും സീഡ് ക്ലബ്ബ് അംഗങ്ങളാ യപ്പോള്‍ അവരുടെ അധ്വാനത്തിന് അംഗീകാരം തേടിയെത്തി. മാതൃഭൂമി സീഡ് പാലക്കാട് വിദ്യാഭ്യാസജില്ലാതലത്തില്‍ ഹരിത വിദ്യാലയ പുരസ്‌കാരം രണ്ടാംസ്ഥാനത്തിന്റെ നിറവിലാണ് ചിതലി ഭവന്‍സ് വിദ്യാമന്ദിര്‍. ഫെഡറല്‍ബാങ്കിന്റെ സഹകരണത്തോടെയുള്ള മാതൃഭൂമി സീഡിന്റെ രണ്ടാംസ്ഥാനം നേടുന്ന സ്‌കൂളിന് 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും നല്‍കും.
ഔഷധസസ്യത്തോട്ടം, ഗ്രോബാഗില്‍ കൃഷി, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, ഊര്‍ജസംരക്ഷണം, ജല സംരക്ഷണം, ബോധവത്കരണ ക്ലാസുകള്‍, പരിസ്ഥിതി സംരക്ഷണ റാലികള്‍...കുട്ടിക്കൂട്ടത്തിന്റെ ഒരുമയില്‍ പ്രകൃതിക്കായി ചെയ്തതേറെ. സ്‌കൂള്‍മുറ്റത്തെ വനസംരക്ഷണവുമുണ്ട്. ഓരോ മരത്തിനും നമ്പര്‍ നല്‍കിയാണ് മരങ്ങളെ പരിപാലിക്കുന്നത്. കാടിനെ അറിയാന്‍ കുട്ടികള്‍ മലന്പുഴയിലേക്ക് യാത്ര നടത്തി. ചെറിയ ക്ലാസുകളിലുള്ളവര്‍ വരെ കൃഷിയില്‍ പങ്കാളികളായി. വിദ്യാര്‍ഥികളില്‍ പ്രകൃതിസ്‌നേഹം വളര്‍ത്താനും പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥിക്കൂട്ടായ്മ ഉറപ്പുവരുത്താനും മാതൃഭൂമി സീഡ് പദ്ധതിക്ക് കഴിഞ്ഞുവെന്ന് പ്രിന്‍സിപ്പല്‍ സുഭദ്ര മുരളീധരന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പ്രത്യുഷ ഹരിദാസ് എന്നിവര്‍ പറയുന്നു.