നന്മയുടെ വിത്തുമുളപ്പിച്ച്...

Posted By : pkdadmin On 1st August 2015


 പാലക്കാട്: കുട്ടികര്‍ഷകന്‍ പദ്ധതി, അടുക്കളത്തോട്ടത്തില്‍നിന്ന് അടുക്കളയിലേക്ക്, സത്യസന്ധത കട, ക്ലീന്‍ ചളവ പദ്ധതി... പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം കുട്ടികളിലെ ചിന്തകളിലും പ്രവൃത്തികളിലും നന്മ നിറച്ചതിനാണ് ഈ പുരസ്‌കാരം. മാതൃഭൂമി സീഡ് മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലാതലത്തില്‍ ഹരിത വിദ്യാലയ പുരസ്‌കാരം മൂന്നാംസ്ഥാനത്തിന്റെ നിറവിലാണ് ഉപ്പുകുളം ചളവ ഗവ. യു.പി. സ്‌കൂള്‍.
ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയുള്ള മാതൃഭൂമി സീഡിന്റെ മൂന്നാംസ്ഥാനം നേടുന്ന സ്‌കൂളിന് 5,000 രൂപയും ഫലകവും പ്രശസ്തിപത്രവും നല്‍കും. കുട്ടികര്‍ഷകന്‍ പദ്ധതിയില്‍ എല്ലാ കുട്ടികളും ആവേശത്തോടെയാണ് പങ്കെടുത്തത്.
സ്‌കൂളില്‍നിന്ന് വിതരണംചെയ്ത വിത്തുകള്‍ വീട്ടുവളപ്പില്‍ നട്ട് പച്ചക്കറിത്തോട്ടമുണ്ടാക്കുന്നതില്‍ എല്ലാവരും വിജയിച്ചു. സ്‌കൂള്‍വളപ്പില്‍ വാഴ, പയര്‍, ഇഞ്ചി, വെണ്ട എന്നിവ വിളയിച്ച് സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് ഉപയോഗിക്കാനും ഇവര്‍ക്കായി.
കുട്ടികളില്‍ സത്യസന്ധതയും വിശ്വസ്തതയും നേതൃപാടവവും ലക്ഷ്യമാക്കിയാണ് പഠനോപകരണങ്ങള്‍ വിതരണംചെയ്യാന്‍ സത്യസന്ധത കട തുടങ്ങിയത്. സ്‌കൂള്‍പരിസരത്തെ മാലിന്യമുക്തമാക്കാനുള്ള ക്ലീന്‍ ചളവ പദ്ധതിയും വേറിട്ടതായി. സൗഹൃദവൃക്ഷം പദ്ധതി, ജലജീവികളെക്കുറിച്ചുള്ള പഠനം, സ്ത്രീശാക്തീകരണ ക്ലാസുകള്‍ എന്നിവയും നടത്തി.
പ്രധാനാധ്യാപകന്‍ സി. അബ്ദുള്‍റഷീദ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷാജി പി.എസ്. എന്നിവരാണ് വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.

Print this news