പ്രകൃതിക്കായി കൈകോര്‍ത്ത് 'പുനര്‍നവ'

Posted By : pkdadmin On 1st August 2015


 പാലക്കാട്: ഭാരതപ്പുഴയുടെ സംരക്ഷണംമുതല്‍ പ്ലാസ്റ്റിക്‌പേന ഉപേക്ഷിക്കാന്‍വരെ അവര്‍ ഒരുമിച്ചുനിന്നു. പ്രകൃതിക്കു വേണ്ടിയുള്ള ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.എച്ച്.എസ്സിലെ സീഡ്ക്ലബ്ബായ പുനര്‍നവയുടെ പ്രവര്‍ത്തനമികവിന് പുരസ്‌കാരത്തിളക്കം. മാതൃഭൂമി സീഡ് ഒറ്റപ്പാലം വിദ്യാഭ്യാസജില്ലാതലത്തില്‍ ഹരിതവിദ്യാലയ പുരസ്‌കാരം മൂന്നാം സ്ഥാനത്തിന്റെ നിറവിലാണ് ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.എച്ച്.എസ്.
ഫെഡറല്‍ബാങ്കിന്റെ സഹകരണത്തോടെയുള്ള മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനമികവിന് മൂന്നാംസ്ഥാനം നേടുന്ന സ്‌കൂളിന് 5,000 രൂപയും ഫലകവും പ്രശസ്തിപത്രവും നല്‍കും.
സ്‌കൂളില്‍ ശലഭോദ്യാനം നിര്‍മിച്ചതാണ് പ്രധാനനേട്ടം. പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 1,000 കുട്ടികള്‍ ഒപ്പിട്ട ഭീമഹര്‍ജിയും സമര്‍പ്പിച്ചു. മഷിപ്പേനയുടെ പ്രചാരണത്തിനും അവര്‍ നേതൃത്വം നല്‍കി. ഭാരതപ്പുഴയുടെ സംരക്ഷണത്തിനായുള്ള കൂട്ടായ്മയും ശ്രദ്ധേയമായി.
ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, ഊര്‍ജസംരക്ഷണ പ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണ റാലി, കാവ് സംരക്ഷണം എന്നിവയും നടത്തി. സ്‌കൂളില്‍ കഴിഞ്ഞവര്‍ഷം നട്ട 30വൃക്ഷത്തൈകളുടെ പരിപാലനം, പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്ക് പ്രകൃതി പഠനയാത്ര തുടങ്ങിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടു. 
പ്രധാനാധ്യാപിക എം. ലില്ലി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഇന്ദുമോഹന്‍ എന്നിവരാണ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.

Print this news