ആനക്കര: എ.പി.ജെ. അബ്ദുള്‍കലാമിന് ആദരസൂചകമായി സ്മൃതിവനമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറിവിഭാഗം വിദ്യാര്‍ഥികള്‍. പഠനസമയത്തിനുശേഷം അധികനേരം പണിയെടുത്താണ് മുന്‍രാഷ്ട്രപതിയുടെ ആഹ്വാനങ്ങളോടുള്ള ആദരവ് പ്രകടമാക്കിയത്.
മാതൃഭൂമി സീഡ് ക്ലബ്ബും എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്നാണ് സ്മൃതിവനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കല്ലുകൊണ്ട് അതിര്‍ത്തികെട്ടി അതില്‍ മണ്ണുനിറച്ച് മരത്തൈകള്‍ നട്ടുപിടിപ്പിച്ചു. വരുംദിവസങ്ങളില്‍ അപൂര്‍വയിനത്തില്‍പ്പെട്ട വൃക്ഷങ്ങളും ചെടികളും ഇവിടെ നട്ടുവളര്‍ത്തും.
മുന്‍കാലങ്ങളില്‍ നട്ട മരങ്ങളുടെ തണലില്‍ ബെഞ്ചുകള്‍ പണിത് കുട്ടികള്‍ക്ക് ഇരിപ്പിടവും ഒരുക്കും. പ്രവൃത്തികള്‍ക്ക് ടി. സുരേഷ്ബാബു, എം.പി. സതീഷ്, ഫസലു റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.