സൈബര്‍ വലയിലെ ചതിക്കുഴികളെ വ്യക്തമാക്കി സീഡ് സെമിനാര്‍

Posted By : pkdadmin On 1st August 2015


 ഒറ്റപ്പാലം: സാങ്കേതികവിദ്യയുടെ വികാസം സൃഷ്ടിച്ച പുതുലോകത്ത് ഒരല്പം കരുതല്‍ വേണമെന്ന് ഓര്‍മപ്പെടുത്തി 'സന്ദേശം' സെമിനാര്‍. സൈബര്‍ലോകത്തെ കാണാക്കുരുക്കുകളെപ്പറ്റി വിദ്യാര്‍ഥികള്‍ക്ക് സെമിനാര്‍ വിലപ്പെട്ട അറിവുപകര്‍ന്നു. ഒറ്റപ്പാലം എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസ്സില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായാണ് 'നവമാധ്യമങ്ങള്‍ പുതിയ കരുതല്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നത്. 
ഒറ്റപ്പാലം സബ്കളക്ടര്‍ പി.ബി. നൂഹ് ഉദ്ഘാടനംചെയ്തു. ഏത് സാങ്കേതികവിദ്യയ്ക്കും നല്ലതും ചീത്തയുമായ വശങ്ങളുണ്ടെന്നും ഇന്റര്‍നെറ്റിലെ ചതിക്കുഴികളെപ്പറ്റി അറിയുക അത്യാവശ്യമാണെന്നും സബ്കളക്ടര്‍ വിദ്യാര്‍ഥിനികളെ ഓര്‍മപ്പെടുത്തി. സാങ്കേതിക സൗകര്യങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നതാണ് ആദ്യം പഠിക്കേണ്ടത്. കാലംമാറുമ്പോള്‍ നമ്മുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ലെന്നാണ് പല സംഭവങ്ങളും തെളിയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബര്‍ കുരുക്കുകളെപ്പറ്റി വാര്‍ത്തകള്‍ വരുമ്പോള്‍ അത് നമുക്ക് സംഭവിക്കില്ലെന്ന ലാഘവം മാറണമെന്ന് അധ്യക്ഷനായ മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജര്‍ എസ്. അമല്‍രാജ് പറഞ്ഞു. 
സൈബര്‍സെല്ലിലെ എ.എസ്.ഐ. പി.കെ. സന്തോഷ്, കെ.വി. ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റെജി സ്വാഗതവും സീഡ് വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രാഗേഷ് നന്ദിയും പറഞ്ഞു.

Print this news