മഞ്ഞപ്ര: വിദ്യാര്‍ഥികളും എക്‌സൈസ് ഉദ്യോഗസ്ഥരും ലഹരി ഉപയോഗത്തിനും വില്പനയ്ക്കുമെതിരെ ബോധവത്കരണവുമായി രംഗത്തിറങ്ങി. മഞ്ഞപ്ര പി.കെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും എക്‌സൈസ് ഉദ്യോഗസ്ഥരുമാണ് നാട്ടിന്‍പുറത്തെ കടകളിലെത്തിയത്.
ലഹരിപദാര്‍ഥങ്ങളും നിരോധിത ലഹരിയുത്പന്നങ്ങളും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളും വില്‍ക്കരുതെന്ന നിര്‍ദേശവും വിദ്യാര്‍ഥികള്‍ കടക്കാരെ അറിയിച്ചു. ലഹരി ഉത്പന്നങ്ങളും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആലത്തൂര്‍ റെയ്ഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി.ജെ. ജയകുമാര്‍ ക്ലാസെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ എസ്. സമോദ്, പി.എ. സിജിമേരി, പ്രധാനാധ്യാപിക എ.സി. നിര്‍മല, ഹെല്‍ത്ത് ക്ലബ്ബ് കണ്‍വീനര്‍ എം. ശിവദാസ്, മാതൃഭൂമി സീഡ് ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.