പുതുപ്പള്ളി ശ്രീനാരായണയില്‍ 'ഗ്രീന്‍ ക്ലാസ് റൂം' പദ്ധതിക്ക് തുടക്കം

Posted By : ktmadmin On 1st August 2015


പുതുപ്പള്ളി: മരത്തണലിലെ പഠനം അവര്‍ക്ക് ആദ്യാനുഭവമായിരുന്നു. പ്രകൃതിയുടെ ലാളനകളേറ്റ് പഠനത്തിനിറങ്ങിയപ്പോള്‍ കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ വേലിയേറ്റം. ക്ലാസ്ചുമരുകള്‍ക്കുള്ളിലെ പിരിമുറുക്കം ഒഴിഞ്ഞ് 'ഗ്രീന്‍ ക്ലാസ് റൂമി'ലെ ഇരുപ്പ് അവര്‍ ശരിക്കും ആസ്വദിച്ചു.
പുതുപ്പള്ളി ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ സീഡ്! അംഗങ്ങളാണ് സ്‌കൂള്‍ അങ്കണത്തിലെ ഞാവലിന്റെ തണലില്‍ ഗ്രീന്‍ ക്ലാസ് റൂം ഒരുക്കി മാതൃക കാട്ടിയത്. ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങളിലെ പ്രധാന ഇനങ്ങളിലൊന്നാണ് ഗ്രീന്‍ ക്ലാസ് റൂം. മരത്തണലില്‍ സീഡ് ക്ലാസ് റൂം എന്ന് ബോര്‍ഡ് തൂക്കിയാണ് പഠനസ്ഥലം സജ്ജീകരിച്ചത്.
സ്‌കൂള്‍ മാനേജര്‍ സുരേഷ് വി.വാസു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എസ്.വത്സമ്മ മരത്തിന്റെ മാഹാത്മ്യം വിശദീകരിച്ച് പ്രഭാഷണം നടത്തി. സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എസ്.രാഹുല്‍, സീഡ് പോലീസ്, സീഡ് റിപ്പോര്‍ട്ടര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Print this news