മഴ ശക്തമായാല്‍ എങ്ങനെ സ്‌കൂളില്‍ പോകും
ആശങ്കയോടെ പാവുമ്പ ഗ്രാമം
പാവുമ്പ പാലം പൊളിച്ചുമാറ്റിയ നിലയില്‍
അര്‍ച്ചന എസ്.നായര്‍
(സീഡ് റിപ്പോര്‍ട്ടര്‍, പാവുമ്പ ഹൈസ്‌കൂള്‍)
കരുനാഗപ്പള്ളി: മഴ ശക്തമായാല്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ സ്‌കൂളില്‍ പോകുമെന്ന ആശങ്കയിലാണ് പാവുമ്പ ഗ്രാമം.പ്രധാന റോഡിലെ പാലം പൊളിച്ചുമാറ്റുകയും, താല്‍ക്കാലികമായി ഒരുക്കിയ പാത വെള്ളത്തില്‍ മുങ്ങുകയും ചെയ്തതാണ് ഇന്നാടിനെ ആശങ്കയിലാക്കിയിരിക്കുന്നത്.
പാവുമ്പ ഹൈസ്‌കൂളും, ഒരു യു.പി. സ്‌കൂളുമാണ് ഇവിടെയുള്ളത്. യു.പി. സ്‌കൂളിലെയും, അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പാവുമ്പ ഹൈസ്‌കൂളിലെയും പകുതിയിലധികം വിദ്യാര്‍ത്ഥികളും പാലത്തിന് അക്കരെയുള്ളവരാണ്. അവര്‍ക്ക് സ്‌കൂളില്‍ എത്തുന്നതിനുള്ള ഏകമാര്‍ഗ്ഗമായിരുന്നു പാവുമ്പ പാലം.
കാലപ്പഴക്കം കാരണം പുതിയപാലം നിര്‍മ്മിക്കുന്നതിനായി മാസങ്ങള്‍ക്ക് മുമ്പ് ഈ പാലം പൊളിച്ചു. പാലത്തിന് സമീപത്തുകൂടി താല്‍ക്കാലികമായി സമാന്തരപാത നിര്‍മ്മിച്ചെങ്കിലും കഴിഞ്ഞ മഴയില്‍ ഈ പാത വെള്ളത്തില്‍ മുങ്ങി.
ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കാതെയായി.
രണ്ട് ദിവസം സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളം താഴ്ന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിച്ചത്. കണ്ണഞ്ചാലി പുഞ്ചവഴിയുള്ള റോഡിലൂടെ പോകണമെങ്കില്‍ കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കണം. മാത്രമല്ല, മഴ ശക്തമായാല്‍ ഈ റോഡും വെള്ളത്തില്‍ മുങ്ങും. പിന്നെ പുഞ്ചയും, റോഡും തിരിച്ചറിയാന്‍ സാധിക്കില്ല. അതിനാല്‍ ഈ റോഡുവഴിയും പോകാന്‍ സാധിക്കില്ല. പൊളിച്ചുമാറ്റിയ പാലത്തിന് സമീപത്തായുള്ള കല്ലുപാലവും അപകടാവസ്ഥയിലാണ്. പത്താം ക്ലാസില്‍ ഉള്‍പ്പെടെ ഉയര്‍ന്ന വിജയം നേടുന്ന സ്‌കൂളാണ് പാവുമ്പ ഹൈസ്‌കൂള്‍. പഠനത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ ദിവസം അവധി നല്‍കാനും സാധിക്കില്ല. കഴിഞ്ഞ മഴയില്‍ രണ്ട് ദിവസം സ്‌കൂളിന് അവധി നല്‍കിയപ്പോള്‍ ശനിയാഴ്ച ദിവസങ്ങളില്‍ അധികം ക്ലാസെടുത്തിരുന്നു. നിലവിലുള്ള താത്കാലിക പാത പുതുക്കി നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
മഴ ശക്തമായാല്‍ ഈ പാത വീണ്ടും വെള്ളത്തിനടിയിലാകും. അടുത്ത മഴയ്ക്ക് മുമ്പ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ ഈ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ പഠനം വഴിമുട്ടുന്ന അവസ്ഥയിലാണ്.
അധികാരികള്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നതാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.