തലമുറയെ ആരോഗ്യമുള്ളവരാക്കണംഗണേഷ്‌കുമാര്‍
'വിദ്യയോടൊപ്പം വിഷരഹിതഭക്ഷണവും' പദ്ധതിയുടെ കുളക്കട ഗ്രാമപ്പഞ്ചായത്തുതല ഉദ്ഘാടനം പൂവറ്റൂര്‍
ഡി.വി.എന്‍.എസ്.എസ്.എച്ച്.എസ്.എസ്സില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. നിര്‍വഹിക്കുന്നു
പുത്തൂര്‍: നാളെയുടെ തലമുറയെ ആരോഗ്യമുള്ളവരാക്കി വളര്‍ത്താന്‍ വര്‍ത്തമാനകാലം കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. കൃഷി മനുഷ്യന് സാമ്പത്തികവും ആരോഗ്യപരവുമായ പുരോഗതി മാത്രമല്ല സമ്മാനിക്കുന്നത്. സ്‌നേഹവും ക്ഷമയും സഹവര്‍ത്തിത്വവും ഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനും കൃഷിക്ക് സാധിക്കുമെന്നതിന് ഉദാഹരണങ്ങളേറെയാണെന്ന് എം.എല്‍.എ. പറഞ്ഞു. കുളക്കട ഗ്രാമപ്പഞ്ചായത്തും ഗ്രീന്‍ സോഷ്യല്‍ ഫോറവും മാതൃഭൂമി സീഡും കുളക്കട കൃഷിഭവനും ചേര്‍ന്ന് നടപ്പാക്കുന്ന 'വിദ്യയോടൊപ്പം വിഷരഹിതഭക്ഷണവും' സ്‌കൂള്‍ പച്ചക്കറിക്കൃഷി പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പൂവറ്റൂര്‍ ഡി.വി.എന്‍.എസ്.എസ്.എച്ച്.എസ്.എസ്സില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.എസ്.സുനില്‍ അധ്യക്ഷനായി. പദ്ധതി വിശദീകരണം ഗ്രീന്‍ സോഷ്യല്‍ ഫോറം സംസ്ഥാന സെക്രട്ടറി കെ.ആര്‍.രാധാകൃഷ്ണന്‍, മാതൃഭൂമി സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഷെഫീക്ക് എന്നിവര്‍ നിര്‍വഹിച്ചു. സംഘാടകസമിതി കണ്‍വീനര്‍ പൂവറ്റൂര്‍ സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കെ.മാത്യു, ജില്ലാ പഞ്ചായത്ത് അംഗം പാത്തല രാഘവന്‍, ജെ.ലീലാവതിയമ്മ, സീഡ് കോഓര്‍ഡിനേറ്ററും വാര്‍ഡംഗവുമായ ഗിരിജാകുമാരി, പ്രിന്‍സിപ്പല്‍ വി.രാജീവ്കുമാര്‍, പ്രഥമാധ്യാപിക സജിനി, കൃഷി ഓഫീസര്‍ പുഷ്പാജോസഫ്, ആറ്റുവാശ്ശേരി അജി, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, പി.ടി.എ. ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.