കണ്ണൂര്‍: സ്‌കൂള്‍മുറ്റത്ത് മാതൃഭൂമി സീഡ് അംഗങ്ങള്‍ തയ്യാറാക്കിയ നെല്‍പ്പാടത്ത് കുട്ടിക്കര്‍ഷകര്‍ ഞാറുനട്ടു. പരപ്പ ഗവ. യു.പി. സ്‌കൂളിലെ കുട്ടികളാണ് സ്‌കൂള്‍ മൈതാനത്തോടുചേര്‍ന്ന രണ്ട് സെന്റ് സ്ഥലത്ത് കിളച്ച് ഞാറുനട്ടത്. 26 ദിവസം മുമ്പ് ഞാറിനുള്ള വിത്ത് വിതച്ചിരുന്നു.
നാടന്‍പാട്ടിന്റെ ഈണത്തിനൊത്ത് തലയില്‍ തോര്‍ത്തുംകെട്ടി കുട്ടികള്‍ പാടത്തിറങ്ങിയപ്പോള്‍ രക്ഷിതാക്കളും അധ്യാപകരും കൃഷിഭവന്‍ ജീവനക്കാരും കൂടെച്ചേര്‍ന്നു. 'ആതിര' എന്ന ഇനമാണ് നട്ടത്. ഒന്നു മുതല്‍ ഏഴുവരെ ക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളും പങ്കുചേര്‍ന്നു. അഞ്ചുവര്‍ഷമായി സ്‌കൂളില്‍ നെല്‍ക്കൃഷിയുണ്ട്.
കൊയ്ത്തിനുശേഷം അരിയാക്കി പായസം വെച്ച് കുട്ടികള്‍ക്ക് കൊടുക്കുകയാണ് പതിവ്. ഞാറുനടീല്‍ വാര്‍ഡംഗം മോളമ്മ സഖറിയ ഉദ്ഘാടനം ചെയ്തു. സീഡ് കോഓര്‍ഡിനേറ്റര്‍ ഷാജി തോമസ്, കൃഷിഭവന്‍ അസിസ്റ്റന്റ് ജോസ് കുര്യന്‍, ടി.എച്ച്.മുസ്തഫ, ടോമി ജോസഫ്, സിബി മുണ്ടക്കല്‍, അനുമോള്‍, സന്ധ്യ പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.