കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ കാര്‍ഷികപരിസ്ഥിതി പ്രവര്‍ത്തനം കാണാന്‍ ജപ്പാന്‍ ഗവേഷക എത്തി. വിദ്യാഭ്യാസപ്രവര്‍ത്തകയായ ജപ്പാനി മിക്കി സാതിയോ ആണ് തിങ്കളാഴ്ച സ്‌കൂളിലെത്തിയത്. ഏഷ്യ പസഫിക് കള്‍ച്ചറല്‍ സെന്റര്‍ ഫോര്‍ യുനസ്‌കോയും സെന്റര്‍ ഫോര്‍ എന്‍വയന്‍മെന്റ് എജുക്കേഷനും സംയുക്തമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന ഇ.എസ്.ഡി. പ്രോജക്ടിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം.
കാര്‍ഷികപരിസ്ഥിതിപ്രവര്‍ത്തനങ്ങളിലൂടെ സുസ്ഥിരവികസനം എന്ന ആശയം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയാണ് ഇ.എസ്.ഡി.റൈസ് പ്രൊജക്ട്. ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ മൂന്നുവിതം സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞവര്‍ഷം കൂത്തുപറമ്പ് ഹൈസ്‌കൂള്‍ വിജയകരമായി പദ്ധതി പൂര്‍ത്തിയാക്കിയിരുന്നു. കൂത്തുപറമ്പ് ബ്ലോക്കിലെ വിവിധ നെല്പാടങ്ങള്‍ സന്ദര്‍ശിച്ച്, കര്‍ഷകരുമായി ആശയവിനിമയം നടത്തി, നെല്‍ക്കൃഷിയും നെല്‍ക്കര്‍ഷകരും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇ.എസ്.ഡി. ഫുഡ് എന്ന പുതിയ പദ്ധതിക്കായി സ്‌കൂളിനെ സമിതി തിരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായാണ് ജപ്പാന്‍ ഗവേഷക സ്‌കൂളിലെത്തിയത്.
സ്‌കൂളിന്റെ പാടത്തും പറമ്പിലുമുള്ള വിവിധ കൃഷികള്‍, മുട്ടക്കോഴി വളര്‍ത്തല്‍, മണ്ണിര കമ്പോസ്റ്റിങ് യൂണിറ്റ്, അക്ഷര തണല്‍ എന്ന തുറന്ന പാഠശാല, തുടങ്ങിയവയെല്ലാം കണ്ട് മിക്കി വിവരങ്ങള്‍ കുറിച്ചുവെച്ചു. സി.ഇ.ഇ. സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ പത്മാജിയും ഒപ്പമുണ്ടായിരുന്നു. ഇവര്‍ക്ക് കാണാനായി വിദ്യാര്‍ഥികളുടെ തിരുവാതിര, വി.കെ.രവീന്ദ്രന്‍ ഗുരുക്കളുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ കളരിസംഘത്തിന്റെ കളരിപ്പയറ്റ് എന്നിവയുംഒരുക്കി.
സീഡ് കോ ഓര്‍ഡിനേറ്റര്‍ കുന്നുമ്പ്രോന്‍ രാജന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ സ്വീറ്റി സുന്ദര്‍, വര്‍ണരാജ്, അഖിലേഷ്, അസറുദ്ദീന്‍, ജിബിന്‍രാജ് എന്നിവരാണ് സ്‌കൂളിലെ പ്രോജക്ട് പൂര്‍ത്തിയാക്കിയത്.
സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്‍, പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി, പി.ടി.എ.പ്രസിഡന്റ് വി.വി.ദിവാകരന്‍, കെ.കെ.മുകുന്ദന്‍, കുന്നുമ്പ്രോന്‍ ശ്രീധരന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.