ചാരുംമൂട്: വിഷമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിക്കുകയെന്ന സന്ദേശം കുട്ടികളിലും പൊതുസമൂഹത്തിനും എത്തിക്കുന്നതിനുവേണ്ടി താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ "മാതൃഭൂമി' തളിര് സീഡ് നേച്ചര്‍ ക്ലബ് "ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതി തുടങ്ങി.
താമരക്കുളം നാലാം വാര്‍ഡിലെ ആലുവിള കോളനിയിലെ കുളത്തിന്റെ മേലേതില്‍ വിക്രമന്റെ വീട്ടുമുറ്റത്ത് പച്ചക്കറിവിത്ത് പാകി ജില്ലാ പഞ്ചായത്തംഗം എ.എം. ഹാഷിര്‍ ഉദ്ഘാടനം ചെയ്തു. "സമൂഹനന്മ കുട്ടികളിലൂടെ' എന്ന ആശയത്തിലൂടെ മാതൃഭൂമി സീഡ് ക്ലബ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
സീഡ് പോലീസിന്റെയും ആശാ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും പച്ചക്കറിഗ്രാമം പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം ലീന ശിവന്‍കുട്ടി, ഹെഡ്മിസ്ട്രസ് എസ്. ശ്രീദേവിയമ്മ, പ്രിന്‍സിപ്പല്‍ ജിജി എച്ച്.നായര്‍, സ്റ്റാഫ് സെക്രട്ടറി എ.എന്‍. ശിവപ്രസാദ്, എം. മാലിനി, രാധാകൃഷ്ണന്‍, ആര്‍. അനില്‍കുമാര്‍, നബീസത്ത്, നസീമ എന്നിവര്‍ പ്രസംഗിച്ചു.