ഉദിനൂര്‍: ഇനിയൊരു യുദ്ധം ജലത്തിനുവേണ്ടിയാകുമെന്ന തിരിച്ചറിവില്‍ കുട്ടികള്‍ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ കവ്വായി കായലോരത്താണ് ജലസംരക്ഷണകൂട്ടായ്മ ഒരുക്കിയത്. ജല ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാനും ജലസംരക്ഷണത്തിനുള്ള പുതുവഴികള്‍ തേടാനുമുള്ള ജല സാക്ഷരത നമുക്ക് അത്യാവശ്യമാണെന്ന് കുട്ടികള്‍ ബോധവത്കരണ ക്ലാസുകളിലൂടെ തിരിച്ചറിഞ്ഞു.
കണ്ടല്‍ക്കാടുകളും കാവുകളും ചെറു ജലാശയങ്ങളും നെല്‍പ്പാടങ്ങളും കായലുകളും നാശത്തിലേക്ക് നീങ്ങുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് ജീവജലമാണെന്ന് ഓര്‍മപ്പെടുത്തി പ്രതിജ്ഞ ചൊല്ലി. പോസ്റ്ററുകളിലും ജാഥകളിലും മാത്രമൊതുങ്ങാതെ വീട്ടില്‍നിന്നുതന്നെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള ബാല പാഠങ്ങളുമായാണ് കുട്ടികള്‍ പിരിഞ്ഞത്.
പരിസ്ഥിതി പ്രവര്‍ത്തകരായ പി.വേണുഗോപാലന്‍, ആനന്ദ് പേക്കടം എന്നിവര്‍ ക്ലാസെടുത്തു. എം.കെ.പ്രഭാകരന്‍, പി,ഭാസ്‌കരന്‍, എ.അരവിന്ദാക്ഷന്‍, പി.പി.അശോകന്‍, കെ.പി.സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.