സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം -സാറാജോസഫ്‌

Posted By : tcradmin On 28th June 2013


തൃശ്ശൂര്‍: പ്രകൃതി ചൂഷണം ചെയ്യപ്പെടുമ്പോള്‍ പരിസ്ഥിതിയുടെ വില പുതിയ തലമുറയില്‍ എത്തിക്കാന്‍ മാതൃഭൂമി സീഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. സാറാജോസഫ് അഭിപ്രായപ്പെട്ടു.
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 'മാതൃഭൂമി സീഡ്' കേരള കാര്‍ഷിക സര്‍വകലാശാല ഹൈസ്‌കൂളില്‍ നടത്തിയ പരിസ്ഥിതി ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
പ്രകൃതിയോട് ബന്ധപ്പെടാതെ മനുഷ്യനൊരു ജീവിതമില്ലെന്നും പ്രകൃതിയെ ദ്രോഹിച്ചു തുടങ്ങിയ നാള്‍മുതല്‍ മനുഷ്യര്‍ പരസ്പരം കലഹിച്ചു തുടങ്ങുകയും അസ്വസ്ഥരാകുകയും ചെയ്തു തുടങ്ങിയെന്നും സാറാജോസഫ് പറഞ്ഞു. മരങ്ങള്‍ ഒരു തലമുറയുടെയും സ്വന്തമല്ലെന്നും വരും തലമുറയുടെ അവകാശമാണിതെന്നും, പ്രകൃതിയോട് കരുതലോടെ ഇടപെടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 നാട്ടിന്‍പുറങ്ങളും ഗ്രാമസൗന്ദര്യവും നഷ്ടമാകുന്നുവെന്നും, പ്രകൃതിക്കൊന്നും കൊടുക്കാതെ എല്ലാം എടുക്കുന്ന ചൂഷകരായി മനുഷ്യര്‍ മാറിയെന്നും സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു.
ലോകത്ത് പട്ടിണി മരണങ്ങള്‍ ഏറുമ്പോള്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പാഴാക്കരുതെന്നും ചൂഷകരാകാന്‍ മനുഷ്യന് അവകാശമില്ലെന്നും ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. പറഞ്ഞു.
എല്ലാ ജീവജാലങ്ങള്‍ക്കും അനുയോജ്യമായ ആവാസ വ്യവസ്ഥ ഒരുക്കുവാന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണെന്നും നമ്മുടെ ചുറ്റുപാടുകള്‍ പച്ചപ്പു നിറഞ്ഞതാകാന്‍ നാം പരിശ്രമിക്കണമെന്നും വൈസ് ചാന്‍സലര്‍ പി.രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
 ഭക്ഷ്യ സാധനങ്ങള്‍ പാഴാക്കുകയില്ലെന്നും പ്രകൃതി സംരക്ഷിക്കമെന്നുമുള്ള പ്രതിജ്ഞ പ്രൊഫ. സാറാ ജോസഫ് കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു. വിദ്യാര്‍ഥികള്‍ പ്രകൃതി ചൂഷണത്തിനെതിരെ ലഘുനാടകവും അവതരിപ്പിച്ചു.
സാറാ ജോസഫ്, സത്യന്‍ അന്തിക്കാട്, ടി.എന്‍. പ്രതാപന്‍ എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ മുറ്റത്ത് വൃക്ഷതൈകള്‍ നട്ടു.
മാതൃഭൂമി ഡെപ്യൂട്ടിഎഡിറ്റര്‍ എം.പി. സുരേന്ദ്രന്‍, ഫെഡറല്‍ ബാങ്ക് പട്ടിക്കാട് ബ്രാഞ്ച് മാനേജര്‍ ചാക്കോച്ചന്‍ മാറോക്കി ജോസ് എന്നിവര്‍ സംസാരിച്ചു.
യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ടി.കെ. മാത്യു, പി.ടി.എ. പ്രസിഡന്റ് കെ.എസ്. സുരേന്ദ്രന്‍, ഹെഡ്മിസ്ട്രസ് കെ.എസ്. ഇന്ദിരാദേവി, മാതൃഭൂമി യൂണിറ്റ് മാനേജര്‍ പി.ആര്‍. വിപിന്‍ദാസ്, ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ - പരസ്യം വിഷ്ണു നാഗപ്പള്ളി, ന്യൂസ് എഡിറ്റര്‍ കെ. വിനോദ്ചന്ദ്രന്‍, സര്‍ക്കുലേഷന്‍ മാനേജര്‍ ആര്‍. സുരേഷ്‌കുമാര്‍, ക്ലബ് എഫ്എം. പ്രോഗാമിങ് ഹെഡ് ജി. പ്രിയരാജ്, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജെ. മാഗി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 

Print this news