നാട്ടുരുചിയുമായി ഭക്ഷ്യമേള

Posted By : pkdadmin On 16th July 2015


 ഒറ്റപ്പാലം: ചക്കപ്പഴം കഴിച്ച് കൊതിതീര്‍ന്നില്ല പലര്‍ക്കും. അരിയുണ്ടയും ഇലയടയും ചെമ്പരത്തി സ്‌ക്വാഷും വിദ്യാര്‍ഥികള്‍ കൊതിതീരെ തിന്നു. കാട്ടുകുളം എ.കെ.എന്‍.എം.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹരിത സീഡ് ക്ലബ്ബ് അംഗങ്ങള്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേളയാണ് നാട്ടുരുചിയുടെ കൊതിയൂറും വിഭവങ്ങള്‍ പരിചയപ്പെടുത്തിയത്. 
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിനെതിരെ നാടന്‍ പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചാണ് വിഭവങ്ങളും മധുരപലഹാരങ്ങളും ഉണ്ടാക്കിയത്. വീടുകളില്‍ സ്വന്തമായി വിളയിച്ചെടുത്ത പച്ചക്കറികളാണ് ഉപയോഗിച്ചത്. വര്‍ക്ക് എക്‌സ്​പീരിയന്‍സ് ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. 
നൂറോളം വിദ്യാര്‍ഥികള്‍ അണിനിരന്ന മേളയിലൂടെ ഭക്ഷണത്തില്‍ പലതുണ്ട് കാര്യമെന്ന് വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞു. 'ഭക്ഷണത്തിലെ കൃത്രിമത്വവും ആരോഗ്യവും' എന്ന പ്രദര്‍ശനവും ഉണ്ടായി. പ്രധാനാധ്യാപകന്‍ പി. ഗോപിനാഥന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 
പ്രിന്‍സിപ്പല്‍ കെ.പി. രാജേഷ്, ആര്‍. രജനി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രമോദ്, ജി. പ്രശോഭ്, സി.എ. സജിത്, എ. ഗീത ഗോവിന്ദ്, കെ.എം. ആശ എന്നിവര്‍ നേതൃത്വം നല്‍കി.

Print this news