പ്ലീസ്... ഇനി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയരുത്‌

Posted By : pkdadmin On 16th July 2015


 വടക്കഞ്ചേരി: പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ മദര്‍തെരേസ യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. പ്ലാസ്റ്റിക് മാലിന്യം ഇടുന്നതിന് അട്ടപ്പെട്ടികളുപയോഗിച്ച് ഉണ്ടാക്കിയ വെയ്സ്റ്റ് ബോക്‌സ് വീടുകളിലും കടകളിലും വെച്ചുകൊണ്ടാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിട്ടുള്ളത്.
സ്‌കൂളിന് സമീപമുള്ള പത്തോളം കടകളിലും വീടുകളിലുമാണ് തുടക്കമെന്ന നിലയില്‍ വെയ്സ്റ്റ് ബോക്‌സുകള്‍ വെച്ചിട്ടുള്ളത്. കടയുടമകളും വീട്ടുകാരും ഏറെ സന്തോഷത്തോടെ കുട്ടികളുടെ പുതിയ സംരംഭത്തിന് പൂര്‍ണ സഹകരണവും ഉറപ്പും നല്‍കി. പഞ്ചായത്തില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതിനായി വാഹനം വരുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യവും കൊണ്ടുപോകാനുള്ള സംവിധാനമൊരുക്കാനാണ് തീരുമാനം.
സയന്‍സ് ക്ലബ്ബും ഫാര്‍മേഴ്‌സ് ക്ലബ്ബും പ്ലാസ്റ്റിക് ശേഖരണത്തില്‍ പങ്കാളികളാകുന്നുണ്ട്. സീഡ് ക്ലബ്ബ് കണ്‍വീനര്‍ എം. രമാദേവി, അധ്യാപകരായ ദീപ സി., പ്രീതി എം.പി., ശ്രീജ പി., മിലി ഫിലിപ്പ്, ബ്ലസി ബേബി എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Print this news