കരുനാഗപ്പള്ളി ഗവ. ജി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രാദേശിക ജാഗ്രതാസമിതികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എച്ച്.സലിം നിര്‍വഹിക്കുന്നു
കരുനാഗപ്പള്ളി: മദ്യപനം, പുകവലി, പാന്‍മസാല ഉപയോഗം തുടങ്ങിയ ദുശ്ശീലങ്ങളുള്ള കൂട്ടുകാരെയും ബന്ധുക്കളെയും അതില്‍നിന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ പിന്തിരിപ്പിക്കാന്‍ പ്രാദേശിക ജാഗ്രതാസമിതികളുമായി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസ്സിലെ ഹരിതജ്യോതി മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്‍ഥികള്‍ രംഗത്ത്.
ഓരോ പ്രദേശത്തും പ്രത്യേകം ജാഗ്രതാസമിതികളാണ് രൂപവത്കരിക്കുക.
വിദ്യാര്‍ഥികളും അവരുടെ രക്ഷാകര്‍ത്താക്കളും പ്രദേശത്തുള്ള അധ്യാപകര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ജാഗ്രതാസമിതികള്‍. മദ്യപാനം, പുകവലി, പാന്‍മസാലയുടെ ഉപയോഗം എന്നീ ദുശ്ശീലങ്ങളുള്ള കൂട്ടുകാരെയും രക്ഷാകര്‍ത്താക്കളെയും ബന്ധുക്കളെയും കണ്ടെത്തി ബോധവത്കരിക്കും. ഇത്തരം ദുശ്ശീലങ്ങള്‍ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തും. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന രക്ഷിതാക്കളുള്ള വീടുകളിലെ കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയും ചെയ്യും.
സ്‌കൂളില്‍നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുക. ഇടയ്ക്കിടെ സമിതികളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സ്‌കൂളില്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
ലോക ലഹരിവിരുദ്ധദിനത്തില്‍ പണിക്കര്‍കടവില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എച്ച്.സലിം ജാഗ്രതാസമിതി ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി എക്‌സൈസ് സി.ഐ. അജിദാസ് മുഖ്യപ്രഭാഷണം നടത്തി.
പി.ടി.എ. പ്രസിഡന്റ് പി.വി.ബാബു അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ ലീലാകൃഷ്ണന്‍, പരിസ്ഥിതി ക്ലബ് സെക്രട്ടറി അശ്വതി ബാബു, കൗണ്‍സിലര്‍ റഹിയാനത്ത് ബീവി, എസ്.എം.സി. ചെയര്‍മാന്‍ തേവറ നൗഷാദ് എന്നിവര്‍ സംസാരിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ സോപാനം ശ്രീകുമാര്‍ ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.