പ്രകൃതി സ്‌നേഹത്തിന്റ സന്ദേശം സമൂഹത്തിലാകെ പകര്‍ന്ന് മാതൃകയായി നടുഭാഗം എം.ഡി.യു.പി. സ്‌കൂള്‍

Posted By : Seed SPOC, Alappuzha On 14th July 2015


 പൂച്ചാക്കല്‍: സ്‌കൂളിലും അതോടൊപ്പം കുട്ടികളുടെ വീടുകളിലും കൃഷി, സ്‌കൂള്‍ വളപ്പില്‍ മന്നം സ്മൃതി വനം,

 മഴപ്പന്തല്‍, ജൈവവൈവിധ്യ സംരക്ഷണം, കൃഷിപാഠങ്ങള്‍...  തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി.യു.പി. സ്‌കൂളിലെ കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ ക്ലാസ് മുറികളില്‍ മാത്രമല്ല പ്രകൃതി സ്‌നേഹത്തിന്റെ മഹദ് സന്ദേശം നാടാകെ പകര്‍ന്ന് നല്‍കി. 
 നാടിന്റെ കാര്‍ഷിക പാരമ്പര്യത്തെ തൊട്ടുണര്‍ത്തിക്കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഈ സ്‌കൂള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. 
മുന്‍ വര്‍ഷങ്ങളില്‍ സീഡിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള നടുഭാഗം സ്‌കൂള്‍ ഈ വര്‍ഷം ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ മൂന്നാം സ്ഥാനം നേടി. 
 സ്‌കൂള്‍ വളപ്പിലെ മന്നം സ്മൃതിവനം പദ്ധതി പ്രകാരം മഹാഗണി, ഈട്ടി, തേക്ക്, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളുടെ തൈകള്‍ വെച്ച് പിടിപ്പിച്ചപ്പോള്‍ അത് മണ്ണിനും കുട്ടികളുടെ മനസ്സുകള്‍ക്കും കുളിര്‍മ്മയാര്‍ന്ന അനുഭവമായി. 
നാട്ടില്‍നിന്നും അന്യംനിന്ന് പോകുന്ന കൃഷിയെ തിരിച്ച് വിളിച്ചുകൊണ്ട് സീഡ് ക്ലബ്ബ് അംഗങ്ങള്‍ തൈക്കാട്ടുശ്ശേരി പി. എസ്. കവലയില്‍ അവതരിപ്പിച്ച തെരുവ് നാടകം ഏറെ ശ്രദ്ധേയമായി. ഇത് കൃഷിയുടെ ഉണര്‍ത്ത്പാട്ടായി. നാടിനെ കൃഷിയിലേക്ക് കൈപിടിച്ച് നടത്തിക്കൊണ്ട്  കുടുംബക്കൃഷിക്ക് പ്രോത്സാഹനം നല്‍കി. ഇതിനായി പച്ചക്കറി തൈകള്‍ നല്‍കി. വീടുകളിലെ കൃഷിയുടെ അവലോകനവും നടത്തി. 
വിഷമയമില്ലാത്ത പച്ചക്കറികള്‍ വിളയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായാണ് വീടുകളിലെ കൃഷി പരിപോഷിപ്പിക്കാന്‍ തീരുമാനിച്ചത്. 
 നാട് മാലിന്യ വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വീടുകളിലെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തു.
 ബ്ലീച്ചിങ് പൗഡര്‍ വിതരണം ചെയ്തു. സ്‌കൂള്‍ വളപ്പില്‍ മഴക്കുഴികള്‍ നിര്‍മ്മിച്ചു. സ്‌കൂള്‍ വളപ്പിലെ വാഴക്കൃഷിയിലും പച്ചക്കറിക്കൃഷിയിലും കുട്ടികള്‍ അധ്യാപകരൊത്ത് പങ്കെടുത്തു. പഠനത്തിന് മുടക്കമൊന്നും വരുത്താതെ തന്നെ കൃഷിയിലും കുട്ടികള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയുമെന്ന് ഈ സ്‌കൂള്‍ സാക്ഷ്യപ്പെടുത്തുന്നു. പാടത്ത് നെല്‍ക്കൃഷി ചെയ്ത് നെല്‍വയല്‍ സംരക്ഷണമെന്ന ഉദ്യമം കുട്ടികള്‍ ഏറ്റെടുത്തു.
 ലഹരിവിരുദ്ധ ക്യാംപെയിന്റെ ഭാഗമായി ലഹരിക്കെതിരെ ബോധവത്കരണവും റാലിയും നടത്തി. ലഘുലേഖകള്‍ വിതരണം ചെയ്തു. നാട്ടറിവുകള്‍, ആരോഗ്യ, ശുചിത്വ പരിപാലനത്തിനുള്ള നല്ല ശീലങ്ങള്‍, വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച് നടന്ന ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കി. സ്‌കൂളിലെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സീഡ് കോ ഓര്‍ഡിനേറ്റര്‍ സുജാത ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സീഡ് കോ ഓര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രധാനാധ്യാപിക പി.കെ. പ്രഭ, ചിത്രാ വര്‍മ്മ, സിന്ധു, കെ.ആര്‍. പ്രിയാമോള്‍ തുടങ്ങിയവര്‍ പിന്തുണയേകി.  
 
 

Print this news