തുറവൂര്‍: ലോക പ്ലാസ്റ്റിക് വിരുദ്ധ ദിനത്തില്‍ കുത്തിയതോട് ഇ.സി.ഇ.കെ. സ്‌കൂളില്‍ മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഉദ്ഘാടനവും ബോധവത്കരണവും നടത്തി. ശുചിത്വമിഷന്‍, റെഡ് ക്രോസ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്‌കൂളിനുമുന്നില്‍ കെട്ടിയ കൂറ്റന്‍ വെള്ളത്തുണിയില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി അധ്യാപകരും കുട്ടികളും സന്ദേശങ്ങള്‍ എഴുതി. കൂടാതെ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയും പ്ലാസ്റ്റിക് ശേഖരണവും നടത്തി. പ്ലാസ്റ്റിക് ശേഖരണത്തിനായി കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കാനുള്ള നിവേദനത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടെയും അധ്യാപകരുടെയും ഒപ്പുകള്‍ ശേഖരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഡി. രമേശന്‍ നിര്‍വഹിച്ചു. പ്രധാന അധ്യാപിക സതീദേവി, സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.കെ. ബീന, ബി.കെ. സതീഷ്, അനില്‍ ബി. കുമാര്‍, കെ.പി. അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.