കലവൂര്‍: കലവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സീഡ് ക്‌ളബ് വിദ്യാര്‍ഥികള്‍ വ്യാപാരികള്‍ക്ക് പേപ്പര്‍ ക്യാരിബാഗുകള്‍ നല്‍കി മാതൃകയായി. മാതൃഭൂമി സീഡ് ക്‌ളബ്ബിന്റെ മേല്‍നോട്ടത്തില്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ ക്യാരിബാഗ് നിര്‍മാണ യൂണിറ്റില്‍ തയ്യാറാക്കിയ ക്യാരിബാഗുകളാണ് വ്യാപാരികള്‍ക്ക് വിതരണം ചെയ്തത്.
ലോക പ്‌ളാസ്റ്റിക് ക്യാരിബാഗ് വിരുദ്ധദിനത്തിന് സീഡ് ക്‌ളബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്‌ളാസ്റ്റിക്വിരുദ്ധ സന്ദേശജാഥ നടത്തി. വിദ്യാര്‍ഥികള്‍ ശേഖരിച്ച പ്‌ളാസ്റ്റിക് ക്യാരിബാഗുകള്‍ ശവമഞ്ചല്‍ രൂപത്തില്‍ ആക്കിയായിരുന്നു ജാഥ. ജാഥയ്ക്കിടയിലാണ് വിദ്യാര്‍ഥികള്‍ കലവൂരിലെ കടകള്‍ കയറിയിറങ്ങി പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തത്.പ്‌ളാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വ്യാപാരികള്‍ക്ക് വിദ്യാര്‍ഥികള്‍ ബോധവത്കരണവും നടത്തി. പി.ടി.എ.പ്രസിഡന്റ് വി.എന്‍.മോനപ്പന്‍, പ്രധാനാധ്യാപിക വിജയകുമാരി, അധ്യാപകരായ സുധ കെ., സി.ബിനോയ്, മണികണ്ഠന്‍ തുടങ്ങിയവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.