തൃശ്ശൂര്‍:വനത്തെ തൊട്ടറിഞ്ഞ്, പരിസ്ഥിതിയെ ആഴത്തില്‍ പഠിച്ച് മാതൃഭൂമി സീഡ് പ്രകൃതിപാഠം ക്യാമ്പ് പീച്ചിയുടെ വനനിബിഡതയില്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം സീഡ് പ്രവര്‍ത്തനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച അധ്യാപകരാണ് പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നത്. മൂന്നുദിവസം നീളുന്ന ക്യാമ്പ് ആഗസ്ത് 4ന് സമാപിക്കും.
റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. കെ. മോഹന്‍ദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്വാസം വലിക്കാനുള്ള ഓക്‌സിജന്‍ തരുന്ന മരങ്ങളെ വെട്ടിനശിപ്പിച്ച് പ്രകൃതിയെ ഇല്ലാതാക്കുന്ന ദുരവസ്ഥ മാറേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കടലാസ് നിര്‍മ്മാണം മുതല്‍ കളിപ്പാട്ട നിര്‍മ്മാണത്തിന് വരെ എത്രയോ മരങ്ങളാണ് നാം മുറിച്ചുമാറ്റുന്നത്. സഹാറ മരുഭൂമിയെ പോലെ ഒരിക്കലും പഴയതിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നമ്മുടെ നാട് മാറിക്കൂടാ. മരങ്ങളെക്കുറിച്ച് അറിയാം എന്ന് പറയുന്നവരില്‍ എത്രപേര്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നു എന്ന് സ്വയം ആലോചിക്കണം. മരങ്ങളേയും മലകളേയും പുഴകളേയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന പാഠമായി മാതൃഭൂമി സീഡിന്റെ പ്രകൃതിപാഠം ക്യാമ്പ് മാറട്ടെ എന്നും ഡോ. കെ. മോഹന്‍ദാസ് പറഞ്ഞു. മോഹന്‍ദാസിനുള്ള മാതൃഭൂമിയുടെ ഉപഹാരം യൂണിറ്റ് മാനേജര്‍ വിപിന്‍ദാസ് സമ്മാനിച്ചു.
മാതൃഭൂമി തൃശ്ശൂര്‍ ഡപ്യൂട്ടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ കെ.സി. കൃഷ്ണകുമാര്‍ ആമുഖപ്രഭാഷണം നടത്തി. പ്രകൃതി പഠന ക്യാമ്പുകള്‍, ചര്‍ച്ചകള്‍, വനസന്ദര്‍ശനം തുടങ്ങിയവയാണ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. പ്രകൃതിസംരക്ഷണത്തിന് പുത്തന്‍പാഠങ്ങള്‍ അധ്യാപകരുടെ ഗ്രൂപ്പ് തിരിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് ക്യാമ്പില്‍ ഉരുത്തിരിഞ്ഞുവരും. മാതൃഭൂമി ജനറല്‍ മാനേജര്‍ (എച്ച്.ആര്‍.ഡി.) ജി. ആനന്ദ് ക്യാമ്പിന് നേതൃത്വം നല്‍കി. ന്യൂസ് എഡിറ്റര്‍ കെ. വിനോദ്ചന്ദ്രന്‍, സര്‍ക്കുലേഷന്‍ മാനേജര്‍ ആര്‍. സുരേഷ്‌കുമാര്‍, ഡപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ (പരസ്യം) വിഷ്ണു നാഗപ്പിള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.