ചെര്‍പ്പുളശ്ശേരിയിലെ ഇ-മാലിന്യ ശേഖരണത്തിന് ശബരി സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കമായി

Posted By : pkdadmin On 10th July 2015


 ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി പഞ്ചായത്ത്, സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ കേരള കമ്പനി, ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബ് എന്നിവചേര്‍ന്ന് നടപ്പാക്കുന്ന ഇ-മാലിന്യ ശേഖരണത്തിന് തുടക്കമായി.
ശബരിസ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ശേഖരിച്ച ഇ-മാലിന്യം സംഭരണിയിലേക്ക് നിക്ഷേപിച്ചായിരുന്നു ഉദ്ഘാടനം. 
കഴിഞ്ഞ നാലുവര്‍ഷമായി ലൗവ് പ്ലാസ്റ്റിക് പദ്ധതിയുമായി സഹകരിക്കുന്ന പഞ്ചായത്ത്, ഇ-മാലിന്യ ശേഖരണത്തിനും പിന്തുണയേകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് അറിയിച്ചു. പഞ്ചായത്തിലെ നാലായിരം വീടുകളില്‍നിന്ന് ഇ-മാലിന്യം ശേഖരിക്കാനാണ് പദ്ധതി. സ്‌കൂളിലെ രണ്ടായിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കാളികളാകും. 
പഞ്ചായത്തംഗം പി.പി. വിനോദ്കുമാര്‍ അധ്യക്ഷനായി. സ്‌കൂള്‍ വൈസ് ക്യാപ്റ്റന്‍ എം. മേഘ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ ഡയസ് കെ. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ സ്മിതാ ബാബുരാജ്, അധ്യാപിക കെ. സുമ, മാതൃഭൂമി സീഡ് പ്രതിനിധി വി. വൈശാഖ്, സ്‌കൂള്‍ ലീഡര്‍ പി. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. വീടുകളില്‍നിന്നും പട്ടണത്തിലെ ഇലക്ട്രോണിക്‌സ് സ്ഥാപനങ്ങളില്‍നിന്നും ഇ-മാലിന്യ സംഭരണം നടത്തുന്നതിന് പഞ്ചായത്ത് സഹകരിക്കും.

Print this news